പച്ചയും ചുവപ്പും രണ്ടാണ്; ലീഗ് സ്വപ്നം ഉപേക്ഷിച്ച് സിപിഎം; വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും പോലെ തന്നെ
Mail This Article
തിരുവനന്തപുരം ∙ മുസ്‍ലിം ലീഗുമായുള്ള നീക്കുപോക്കു സാധ്യതാനീക്കം സിപിഎം ഉപേക്ഷിച്ചു. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ലീഗ് എന്നിവരെ ഇനിമുതൽ ഒരുപോലെ പരിഗണിച്ച് അവരുടെ രാഷ്ട്രീയം തുറന്നുകാട്ടാനാണു തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നു ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലൈൻ പൊളിച്ചെഴുതാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
‘ആർഎസ്എസും സംഘപരിവാറും ഉയർത്തുന്ന വർഗീയ ഭീഷണികളെ നേരിടുന്നതിനൊപ്പം ന്യൂനപക്ഷ വർഗീയതയെ തുറന്നുകാണിക്കുകയും അതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും വേണം’ എന്നാണു സംസ്ഥാനകമ്മിറ്റി തീരുമാനം. ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്ന അടിസ്ഥാന പ്രമാണം ഉയർത്തിപ്പിടിക്കുന്നതിൽ പാളിച്ചകളുണ്ടായെന്ന വിമർശനത്തെത്തുടർന്ന് പാർട്ടി ഇങ്ങനെ നിഷ്കർഷിച്ചു:‘ന്യൂനപക്ഷ സംരക്ഷണം എന്നത് മതനിരപേക്ഷതയുടെ ഭാഗമാണെന്നും മതപ്രീണനമല്ലെന്നുമുള്ള കാഴ്ചപ്പാട് ജനങ്ങളിൽ എത്തിക്കാൻ പാർട്ടി ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം’
പൗരത്വ ഭേദഗതി നിയമത്തിലൂന്നിയുള്ള ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം പിഴച്ചെന്നു വിലയിരുത്തിയാണ് ഈ മാറ്റം. പ്രതീക്ഷിച്ച ന്യൂനപക്ഷവോട്ട് കിട്ടിയതുമില്ല, ഭൂരിപക്ഷ വിഭാഗങ്ങൾ എതിരാവുകയും ചെയ്തെന്ന് 20 ലോക്സഭാ മണ്ഡലങ്ങളുടെയും തിരഞ്ഞെടുപ്പ് വിശകലനം പാർട്ടിയെ ബോധ്യപ്പെടുത്തി.
യുഡിഎഫിൽ നിന്നു മുസ്‍ലിം ലീഗിനെ പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അവരെ പ്രശംസിക്കുന്ന ശൈലി തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം സ്വീകരിച്ചിരുന്നു. ലീഗ് വർഗീയ പാർട്ടി അല്ലെന്നും ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി അവർ നിലകൊള്ളുന്നെന്നും അതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി നിരീക്ഷിച്ചു. സിപിഎമ്മുമായി ബന്ധപ്പെടാനുള്ള താൽപര്യം ചില ലീഗ് നേതാക്കൾക്കുണ്ടെന്ന വിവരവും പാർട്ടിക്കുള്ളിൽ റിപ്പോർട്ട് ചെയ്തു.
അതിൽ നിന്നെല്ലാം മലക്കം മറിഞ്ഞാണ് തീവ്രവിഭാഗങ്ങളായി സിപിഎം കരുതുന്ന വെൽഫെയർ പാർട്ടിയുടെയും എസ്ഡിപിഐയുടെയും ഗണത്തിൽ ഇതാദ്യമായി ലീഗിനെ പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു കൂട്ടരുമായും അടുത്ത ബന്ധം ലീഗ് പുലർത്തി എന്നതാണ് അതിനു കാരണമായി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.