ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം പൂർണ നടപടിക്രമത്തിലേക്കു കടക്കുന്ന ആദ്യദിനം തന്നെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയുള്ള ആക്ഷേപങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. നാലിനു ചേരുന്ന സഭ വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമർപ്പിച്ചു പിരിയും.

തുടർന്ന് ഏഴിനു ചേരുമ്പോഴായിരിക്കും പ്രതിപക്ഷം സർക്കാരിനെതിരെയുള്ള വിഷയങ്ങൾ ഓരോന്നായി പുറത്തെടുക്കുക. മറ്റു വലിയ സംഭവവികാസങ്ങളൊന്നും ഇനിയുള്ള ഒരാഴ്ചയ്ക്കകം ഉണ്ടായില്ലെങ്കിൽ ആദ്യദിനത്തിലെ അടിയന്തര പ്രമേയം മുഖ്യമന്ത്രിക്കെതിരെയുള്ളതായിരിക്കും. ആർഎസ്എസ്– സിപിഎം ബന്ധവും തൃശൂർ പൂരം കലക്കലുമായിരിക്കും കേന്ദ്രബിന്ദു.

അൻവർ പറയുന്നതിനു മുൻപ് ഈ ആരോപണങ്ങളെല്ലാം തങ്ങൾ ഉന്നയിച്ചതാണെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ അൻവർ ഉൾപ്പെടുന്ന നിയമസഭയിലാണു വിഷയം കൊണ്ടുവരുന്നത് എന്നതുകൊണ്ടു തന്നെ അൻവറിനെ ചാരിത്തന്നെയാകും പ്രതിപക്ഷത്തിന്റെ ആക്രമണം. അൻവർ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കോടതിയുടെ മുൻപിലേക്ക് എത്താത്തതിനാൽ അന്വേഷണം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ നോട്ടിസ് സ്പീക്കർക്കു തടയാനാകില്ല.

സർക്കാർ ഇപ്പോഴും രഹസ്യാത്മകത സൂക്ഷിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഉറപ്പായും പ്രതിപക്ഷം സഭയിലെത്തിക്കും. നാലരവർഷം റിപ്പോർട്ട് കയ്യിൽ വച്ചതു മാത്രമല്ല, എസ്ഐടി അന്വേഷണം നടക്കുന്നതു റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിലല്ല, അതിനുശേഷമുള്ള പരാതികളിലാണെന്നതും ചൂണ്ടിക്കാട്ടും. കുടിശികയെല്ലാം തീർക്കുമെന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയിട്ടും സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന വിഷയവും ഉന്നയിക്കും. 

അൻവർ എവിടെ ഇരിക്കും?

ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സ്വതന്ത്രൻ എന്ന നിലയിൽ സഭയിൽ ഭരണപക്ഷ നിരയിലാണ് ഇപ്പോൾ പി.വി.അൻവറിന്റെ സ്ഥാനം. അൻവറുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്നു സിപിഎമ്മും എൽഡിഎഫും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം സ്പീക്കർക്ക് എഴുതി നൽകിയാൽ അൻവറിന്റെ സീറ്റ് മാറ്റേണ്ടിവരും. അൻവർ ആവശ്യപ്പെട്ടാലും സീറ്റ് മാറ്റണം.

ഭരണപക്ഷത്തെ പാർട്ടികളുടെ ബ്ലോക്കുകളിൽനിന്നു വിട്ട് ഒരറ്റത്താകും സീറ്റ് നൽകുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു യുഡിഎഫുമായി തെറ്റിയ ഘട്ടത്തിൽ കേരള കോൺഗ്രസ് (എം) എംഎൽഎമാർ സഭയിൽ ഇരുപക്ഷത്തുമില്ലാതെ പ്രത്യേക ബ്ലോക്കായി ഇരുന്നിരുന്നു. അതേസമയം, കുറഞ്ഞദിവസത്തേക്കു ചേരുന്ന ഇത്തവണത്തെ സഭാ സമ്മേളനത്തിൽനിന്ന് അൻവർ മാറിനിൽക്കാനുമിടയുണ്ട്.

English Summary:

Opposition may raise allegations against the Chief Minister and the police in first day of legislative session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com