‘ജയിച്ച ചുണ്ടൻ’ ആകാൻ തോമസ് കെ. തോമസ്!: ‘കസേരകളി’യുടെ ഫിനിഷിങ് പോയിന്റ് വള്ളംകളി വേദിയിൽ
Mail This Article
ആലപ്പുഴ ∙ ഇന്നലെ നെഹ്റു ട്രോഫി വള്ളംകളി വേദിയിൽ മറ്റ് അതിഥികൾക്കൊപ്പം വഞ്ചിപ്പാട്ടു പാടി താളം പിടിക്കുകയായിരുന്നു തോമസ് കെ.തോമസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു വീർപ്പടക്കിയിരുന്നു. ജയിച്ച ചുണ്ടനു കയ്യടിച്ചു. പാർട്ടിയിലും വലിയൊരു പോരാട്ടത്തിലായിരുന്നു അദ്ദേഹം. എ.കെ.ശശീന്ദ്രനിൽനിന്നു മന്ത്രിസ്ഥാനം ലഭിക്കാൻ പോകുന്നു എന്ന സൂചന വള്ളംകളി വേദിയിലെ ആവേശത്തിലുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, അദ്ദേഹം ഇപ്പോൾ ഫിനിഷിങ് പോയിന്റിലാണ്.
കുട്ടനാട്ടിലെ ചേന്നങ്കരി കളത്തിൽപറമ്പിൽ കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ മന്ത്രിയാണു തോമസ് കെ.തോമസ്. ജ്യേഷ്ഠൻ തോമസ് ചാണ്ടിയാണു മുൻഗാമി. തോമസ് ചാണ്ടിയുടെ മരണശേഷം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കുട്ടനാട് സീറ്റ് ആർക്കെന്നതിൽ പാർട്ടിയിൽ അധികം ചർച്ചയൊന്നും ഉണ്ടായിരുന്നില്ല. തോമസ് കെ.തോമസിന്റെ പേരായിരുന്നു ‘വള്ളപ്പാട്’ മുന്നിൽ. 5,000 ൽ ഏറെ വോട്ടിനു തോമസ് ജയിക്കുകയും ചെയ്തു.
വെള്ളപ്പൊക്കങ്ങളെ വെല്ലുവിളിച്ചു ജീവിക്കുന്ന കുട്ടനാട്ടുകാരുടെ വെട്ടിത്തുറന്നുള്ള പ്രകൃതമാണു തോമസിനും. അതു പാർട്ടിയിൽ അദ്ദേഹത്തിന് ഇടയ്ക്കു ബുദ്ധിമുട്ടായിട്ടുമുണ്ട്. തനിക്കു താൽപര്യമുള്ളയാളെ ജില്ലാ പ്രസിഡന്റാക്കാത്തതിന്റെ പേരിൽ സംസ്ഥാന പ്രസിഡന്റിനോടു തർക്കിച്ചു. ഈയിടെയാണു മയപ്പെട്ടത്. അതു മന്ത്രിസ്ഥാനത്തേക്കുള്ള വഴി തുറന്നെന്നും പറയാം.
തന്നെ മന്ത്രിയാക്കുന്നതിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാറും അനുകൂലമാണെന്നു പറയുമ്പോഴും സംസ്ഥാനത്തു കാര്യങ്ങൾ അങ്ങനെയാകാത്തതിൽ തോമസിനു തെല്ലു നിരാശയുണ്ടായിരുന്നു. ഒഴിയില്ലെന്ന് എ.കെ.ശശീന്ദ്രനും അനുകൂലികളും വാശി പിടിച്ചപ്പോൾ, മുൻപ് എതിർത്ത സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ തോമസിനു തുണയായി. ഇപ്പോൾ എല്ലാം അനുകൂലമായി.
കളത്തിൽപറമ്പിൽ വി.സി.തോമസിന്റെയും ഏലിയാമ്മയുടെയും മകനായ തോമസ് 1957 ഓഗസ്റ്റ് 30നാണ് ജനിച്ചത്. കുവൈത്തിൽ ബിസിനസ് ചെയ്തിരുന്നകാലത്ത് അവിടെയും പൊതുരംഗത്തു സജീവമായിരുന്നു. കേരള സ്പോർട്സ് ക്ലബ്, അബ്ബാസിയ റെസിഡന്റ്സ് അസോസിയേഷൻ, കുവൈത്ത് ഇന്ത്യക്കാരുടെ പ്രശ്ന പരിഹാര സെൽ, ഓവർസീസ് ഓൺ ജിപിസിസി, കുവൈത്ത് കുട്ടനാട് മലയാളി അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു.
ഇപ്പോൾ എൻസിപി ദേശീയ സമിതിയംഗവും നിയമസഭാ കക്ഷി നേതാവും നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാനുമാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ അദ്ദേഹം ഹൈഡൈൻ ഗ്രൂപ്പ് ചെയർമാനാണ്. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ഡോ. ടിറ്റു കെ.തോമസ്, ഡോ. ടീന കെ.തോമസ്, ടിന്റു എലിസബത്ത് കെ.തോമസ്.