കെഎസ്ഇബിയിലും പെൻഷൻ മുടങ്ങുന്ന സ്ഥിതി
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിക്കു പിന്നാലെ പെൻഷൻ മുടങ്ങുന്ന അവസ്ഥയിലേക്ക് കെഎസ്ഇബിയും. അടുത്ത 50 വർഷത്തെ പെൻഷൻ ബാധ്യതകൾക്കായി മാസ്റ്റർ ട്രസ്റ്റിൽ 24000 കോടി രൂപ സ്വരൂപിച്ചില്ലെങ്കിൽ വൈകാതെ പെൻഷൻ വിതരണവും വിരമിക്കൽ ആനുകൂല്യങ്ങളും മുടങ്ങും. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ഈ തുക കണ്ടെത്താൻ ഘട്ടം ഘട്ടമായി യൂണിറ്റിന് 4 രൂപയെങ്കിലും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരും.
കെഎസ്ഇബി കമ്പനിയായ ശേഷം പെൻഷൻ വിതരണം സംബന്ധിച്ചു സർക്കാരും കെഎസ്ഇബിയും ജീവനക്കാരുടെ സംഘടനയും ചേർന്ന് ഒപ്പിട്ട ത്രികക്ഷി കരാർ വ്യവസ്ഥകൾ സർക്കാരും കെഎസ്ഇബിയും ലംഘിച്ചതാണു പ്രതിസന്ധിയിലേക്കു നയിച്ചത്. കെഎസ്ഇബിയുടെ പ്രതിമാസ വരുമാനത്തിൽ നിന്നാണ് പെൻഷനും വിതരണം ചെയ്യുന്നത്.
മത്സരാധിഷ്ഠിത വിപണി എന്ന നിർദേശവുമായി വൈദ്യുതി നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയാൽ വരും വർഷങ്ങളിൽ കേരളത്തിൽ മറ്റു വൈദ്യുതി വിതരണ കമ്പനികളും പ്രവർത്തനം തുടങ്ങാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ വൈദ്യുതി വിതരണ കുത്തക അവസാനിച്ചാൽ കെഎസ്ഇബിയുടെ വരുമാനം കാര്യമായി ഇടിയുമെന്നും പെൻഷൻ വിതരണം അവതാളത്തിലാകുമെന്നും കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ ഓർഗനൈസിങ് സെക്രട്ടറി എൻ.ടി.ജോബ് പറഞ്ഞു.
കെഎസ്ഇബി ഈടാക്കി സർക്കാരിനു നൽകുന്ന വൈദ്യുതി തീരുവ പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്കുള്ള സർക്കാർ വിഹിതമായി തുടർന്നും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ധനവകുപ്പ് ഈ ആവശ്യം തള്ളി.