ADVERTISEMENT

നിലമ്പൂർ (മലപ്പുറം)∙ പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സസ്പെൻസ് നിലനിർത്തിയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ചും പി.വി.അൻവർ എംഎൽഎ. സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ നിലപാടു വിശദീകരിക്കാനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗം അൻവറിന്റെ  ശക്തിപ്രകടനമായി. നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു.

മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ.സുകുവാണു സ്വാഗതം പറഞ്ഞത്. മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളാരും വേദിയിലെത്തിയില്ല. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ സ്മരിച്ചു തുടങ്ങിയ പ്രസംഗത്തിൽ അൻവർ തന്റെ പഴയ ആരോപണങ്ങളെല്ലാം ആവർത്തിച്ചു.

പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും കേരളത്തിലെ ജനങ്ങൾ പാർട്ടിയായി മാറിയാൽ അതിനൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. ജനങ്ങൾക്കിടയിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ ഭാവി രാഷ്ട്രീയ നിലപാടു സ്വീകരിക്കും. കയ്യും കാലും വെട്ടിയാൽ ചക്രക്കസേരയിൽ വരും. 2 പൊലീസുകാരെ തന്നാൽ ഒരു മാസത്തിനകം മാമി തിരോധാനക്കേസ് തെളിയിക്കാം.  എഡിജിപിക്കെതിരെ സിപിഐ പറഞ്ഞതു തന്നെയാണു ഞാനും പറയുന്നത്. 

വർഗീയവാദിയായി ചിത്രീകരിക്കാൻ ചിലർ ശ്രമം നടത്തുന്നു. ആ ചാപ്പ തനിക്കു ചേരില്ലെന്നു പറഞ്ഞ അൻവർ, കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ജോലിക്കാരായ ഹിന്ദു സ്ത്രീകൾ മുലയൂട്ടിയതു മുതൽ ക്രിസ്ത്യൻ സ്കൂളിലെ പഠനംവരെ എടുത്തുകാട്ടി. ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം മതത്തിലെ അഭിവാദ്യങ്ങളും ലാൽ സലാമും പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കവും അവസാനവും.

രാഷ്ട്രീയത്തിൽ താൻ വിശ്വസിച്ച മനുഷ്യനായിരുന്നു പിണറായി വിജയൻ. ഹൃദയത്തിൽ അദ്ദേഹം പിതാവിന്റെ സ്ഥാനത്തു തന്നെയായിരുന്നു. 

pv-anvar-sketch

കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു മുന്നിൽ അദ്ദേഹം എന്നെ കള്ളനാക്കിയപ്പോഴാണ് എല്ലാം തുറന്നു പറയാൻ തുടങ്ങിയത്. എന്റെ പോരാട്ടത്തിനൊപ്പമാണെന്നു തോന്നിപ്പിച്ച ശേഷം അദ്ദേഹം നിലപാടു മാറ്റി. 5 മിനിറ്റ് എന്നോടു സംസാരിച്ചുവെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. 37 മിനിറ്റ് ഞങ്ങൾ സംസാരിച്ചു. എഡിജിപിയെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ച് സംരക്ഷിക്കുന്നതെന്തിനെന്നു സഖാക്കൾ ചിന്തിക്കണം. 

2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചതാണ്. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി നിർബന്ധിച്ചു മത്സരിപ്പിച്ചതാണെന്നും അൻവർ പറഞ്ഞു. തന്നെ ‘കോമാളി’ എന്നു പരിഹസിച്ച സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മലർന്നുകിടന്നു തുപ്പുകയാണെന്നും അൻവർ പറഞ്ഞു.

English Summary:

Massive Support for P.V. Anvar at Nilambur Yogam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com