പമ്പാ ജലമേള: കെ.സി.മാമ്മൻ മാപ്പിള ട്രോഫി മേൽപാടം ചുണ്ടന്
Mail This Article
നീരേറ്റുപുറം ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ ജലമേളയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മേൽപാടം ചുണ്ടന് വിജയകിരീടം. സാം വേങ്ങൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബാണ് മേൽപാടം ചുണ്ടനെ ഒന്നാമതെത്തിച്ചത്. പായിപ്പാടൻ ചുണ്ടൻ രണ്ടാമതും ജവാഹർ തായങ്കരി മൂന്നാമതും ഫിനിഷ് ചെയ്തു. നിതിൻ ജോസഫ് ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബാണു പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞത്. തായങ്കരി ബോട്ട് ക്ലബ് തുഴഞ്ഞ ജവാഹർ തായങ്കരിയുടെ ക്യാപ്റ്റൻ ജോസഫ് മുളന്താനമാണ്.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ആനാരി ഒന്നാമതും സെന്റ് ജോർജ് രണ്ടാമതും എത്തി. എ ഗ്രേഡ് വെപ്പു വള്ളങ്ങളുടെ ഫൈനലിൽ കോട്ടപ്പറമ്പൻ ഒന്നാം സ്ഥാനവും പുന്നത്ര വെങ്ങാഴി രണ്ടാമതും എത്തി. ലൗലി സാബു ക്യാപ്റ്റൻ ആയി മുട്ടാർ പ്രണവം വനിത ബോട്ട് ക്ലബ് തുഴഞ്ഞ തെക്കെനോടി വിഭാഗത്തിലെ കാട്ടിൽതെക്ക് വള്ളം കാണികൾക്ക് കൗതുകം പകർന്നു. ജലമേള ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ഗരിമയാണ് വള്ളംകളിയെ ജനപ്രിയമാക്കുന്നതെന്നും
കേരള ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ കെ.സി.മാമ്മൻ മാപ്പിളയുടെ സ്മരണാർഥം തുടങ്ങിയ ജലമേള ഇന്നു ജനകീയ ഉത്സവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. നടി സോണിയ മൽഹാർ ജലമേളയ്ക്കു കൊടി വീശി. ഡൽഹി പാഞ്ചജന്യം ഭാരതം ചെയർമാൻ ആർ.ആർ.നായർ സല്യൂട്ട് സ്വീകരിച്ചു.