നാൽപതിലേറെ മരുന്നുകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്
Mail This Article
കോഴിക്കോട്∙ ഗർഭിണികൾക്കുള്ള വൈറ്റമിൻ ഗുളികകളും ഹൃദ്രോഗികൾക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ ഗുളികകളും ഉൾപ്പെടെ വൻകിട കമ്പനികൾ നിർമിക്കുന്ന നാൽപതിലേറെ മരുന്നുകൾ വ്യാജവും നിലവാരമില്ലാത്തതുമാണെന്ന് കേന്ദ്ര മരുന്ന് പരിശോധനാ ലാബിന്റെ റിപ്പോർട്ട്. മരുന്നിൽ നിർദിഷ്ട അളവിൽ രാസവസ്തുക്കൾ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരേന്ത്യയിലെ വിവിധ ഡ്രഗ് കൺട്രോളർമാർ ശേഖരിച്ച സാംപിളുകളാണ് സെൻട്രൽ ഡ്രഗസ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ ഓഗസ്റ്റിൽ പരിശോധിച്ചത്. ഈ കമ്പനികളിൽ പലതും കേരള മെഡിക്കൽ സർവീസസ് കോർപറേഷനും സ്വകാര്യ ഫാർമസികളിലും മരുന്നുകൾ നൽകുന്നുണ്ട്.
ആന്റിബയോട്ടിക്കുകളായ അമോക്സിസിലിൻ, സെപോഡം, സിപ്രോഫ്ലോക്സാസിൻ, അലർജിക്കുള്ള മൊണ്ടെയർ, ഫെക്സോഫെനഡൈൻ, ദഹനത്തിനുള്ള പാന്റോപ്രസോൾ, പ്രമേഹത്തിനുള്ള മെറ്റ്ഫോമിൻ, ഗ്ലിമെപിറൈഡ്, വലിവിനുള്ള സാൽബുട്ടമോൾ, അപസ്മാരത്തിനുള്ള ഫെനിട്ടോയിൻ തുടങ്ങിയവയാണ് നിലവാരമില്ലാത്തതെന്നും വ്യാജമെന്നും കണ്ടെത്തിയത്. ഇവ കേരളത്തിലും സാധാരണയായി ഡോക്ടർമാർ രോഗികൾക്കു കുറിച്ചു കൊടുക്കുന്നതാണ്.
എന്നാൽ ഈ മരുന്നുകളൊന്നും തങ്ങളുടെ ഫാക്ടറികളിൽ ഉൽപാദിപ്പിച്ചവയല്ലെന്നാണ് കോടതിയിൽ കമ്പനികളുടെ വാദം. മറ്റു ചെറുകിട സ്ഥാപനങ്ങൾക്ക് ലോൺ ലൈസൻസ് (വൻകിട കമ്പനികളുടെ പേരിൽ മരുന്ന് നിർമിക്കാനുള്ള ലൈസൻസ്) നൽകി ഉൽപാദിപ്പിച്ചതാണ് മരുന്നെന്നും നിലവാരമില്ലാത്തതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കമ്പനികൾ വിശദീകരിച്ചു.