ചൊക്രമുടി: വിഎസ് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സിപിഎം നേതാക്കളുടെ കയ്യേറ്റം
Mail This Article
തൊടുപുഴ ∙ മൂന്നാറിൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഒഴിപ്പിച്ച ഭൂമിയിൽ പിണറായി സർക്കാരിന്റെ കാലത്തു സിപിഎം നേതാക്കളുടെ വ്യാപക കയ്യേറ്റം. മൂന്നാറിന്റെ ഭാഗമായ ചൊക്രമുടിയിലെ കയ്യേറ്റത്തിന്റെ വിവരങ്ങളാണു പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇക്കാര്യം ആരോപിച്ചിരുന്നു.
മുൻപു സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സിപിഎം നേതാവ് റോഡ് നിർമിച്ചു. ബൈസൺവാലി ലോക്കൽ കമ്മിറ്റി അംഗമായ സുരേന്ദ്രനാണ് ഭൂമി കയ്യേറി രണ്ടര കിലോമീറ്റർ ദൂരത്തിൽ 10 അടി വീതിയുള്ള റോഡ് നിർമിച്ചത്. എം.എം.മണി എംഎൽഎയുടെ സഹോദരനും സിപിഎം നേതാവുമായ ലംബോദരന്റെ ഭാര്യാസഹോദരനാണ് സുരേന്ദ്രൻ. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷൈലജയാണ് സുരേന്ദ്രന്റെ ഭാര്യ.
ഭൂമികയ്യേറ്റത്തിനു സുരേന്ദ്രനെതിരെ റവന്യു വകുപ്പ് കഴിഞ്ഞ വർഷം കേസെടുത്തതിന്റെ രേഖകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. സിപിഎം നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തോടു ചേർന്നുള്ള സർക്കാർ ഭൂമിയിലൂടെ അംഗീകാരമില്ലാത്ത ടൂറിസം സൊസൈറ്റിയുടെ പേരിലാണു റോഡ് നിർമിച്ചത്.
ഗോത്ര വിഭാഗത്തിന്റെ ആരാധനാലയമായ കല്ലമ്പലത്തിനു സമീപം റോഡ് പണിക്കു മണ്ണെടുത്തതോടെ ആദിവാസികൾ പരാതിയുമായി രംഗത്തെത്തി. തുടർന്നാണു റവന്യു വകുപ്പ് ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തത്. ഒറ്റമരം, പച്ചപ്പുൽ തുടങ്ങിയ സ്ഥലങ്ങൾ കടന്നു ചൊക്രമുടിയിൽ എത്തി, ഇവിടെനിന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിലേക്കു പ്രവേശിക്കുന്ന രീതിയിൽ റോഡ് നിർമിക്കാനായിരുന്നു സിപിഎം നേതാക്കളുടെ ശ്രമം.
ഈ മേഖലയിൽ വ്യാജ പട്ടയങ്ങൾ വ്യാപകമാണെന്നും റവന്യു വകുപ്പിന്റെ അന്വേഷണത്തിലൂടെ ഇവയെല്ലാം തിരിച്ചുപിടിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു.