പൈപ്പ് പൊട്ടിയ കുഴിയിൽ വീണ് മരണം: ജല അതോറിറ്റി എൻജിനീയർക്കെതിരെ 3 വർഷത്തിന് ശേഷം നടപടി
Mail This Article
ആലപ്പുഴ ∙ പൈപ്പ് ചോർച്ച മൂലമുണ്ടായ കുഴിയിൽ വീണ് തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാർ (55) മരിച്ച സംഭവത്തിൽ ഇതുവരെ നടപടിയെടുക്കാതിരുന്ന ജല അതോറിറ്റി ഒടുവിൽ 3 വർഷത്തിനു ശേഷം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. അസിസ്റ്റന്റ് എൻജിനീയർ ബെൻ ബ്രൈറ്റിനെ കോട്ടയത്തേക്കു സ്ഥലംമാറ്റി. ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റണമെന്ന അതോറിറ്റി വിജിലൻസ് കമ്മിറ്റി ശുപാർശയെ തുടർന്നാണു കോട്ടയത്തേക്കു മാറ്റിയത്. ഒരു വർഷത്തെ ഇൻക്രിമെന്റ് തടയണമെന്നും ശുപാർശ ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണു കുഴിയിൽ വീണു തലയ്ക്കു പരുക്കേറ്റ അജയകുമാർ മരിച്ചതെന്നു കഴിഞ്ഞ വർഷത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബെൻ ബ്രൈറ്റിനൊപ്പം ഓവർസീയർ പി.ജെ.ജേക്കബിന്റെ ഇൻക്രിമെന്റ് തടയാനും ശുപാർശയുണ്ടായിരുന്നു. മേജർ പെനൽറ്റി എന്നാണു നടപടിയെപ്പറ്റി അതോറിറ്റി അധികൃതർ നേരത്തെ നൽകിയ നോട്ടിസിലുള്ളത്.
അമ്പലപ്പുഴ – തിരുവല്ല റോഡിൽ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ 2021 ഒക്ടോബർ 27ന് രാത്രിയാണു നാടക കലാകാരനായ അജയകുമാർ അപകടത്തിൽ പെട്ടത്. നവംബർ 4ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഇതേപ്പറ്റി അന്വേഷിച്ച ഡപ്യൂട്ടി ചീഫ് എൻജിനീയർ ടി.കെ.സുരേഷ് കുമാർ 2023 ജനുവരി 17ന് റിപ്പോർട്ട് നൽകി. 2023 മേയ് 27നാണു വിജിലൻസ് കമ്മിറ്റി തീരുമാനമെടുത്തത്. എന്നാൽ, ഇപ്പോഴാണു നടപടിയുണ്ടായത്. മന്ത്രി തന്നെ ഇടപെട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ചോർച്ച പരിഹരിച്ചു കുഴിയടയ്ക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് അന്വേഷണം നടത്തിയ ഡപ്യൂട്ടി ചീഫ് എൻജിനീയറും വിജിലൻസ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. പൈപ്പ് ചോർച്ചയുണ്ടായി ഒരു വർഷത്തോളം മൂടാതെ കിടന്ന കുഴിയിലാണ് അജയകുമാർ വീണത്. അപകടമുണ്ടായിട്ടും കുഴി മൂടിയില്ല. അജയകുമാർ മരിച്ച ദിവസം മാത്രമാണു കുഴി മൂടിയത്. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.