‘മുഖം മിനുക്കാൻ’ പുതിയ പിആർ ഏജൻസി വരുന്നു
Mail This Article
കൊല്ലം ∙ പിആർ ഏജൻസിയുടെ സഹായത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖം നൽകിയെന്ന വിവാദങ്ങൾക്കിടയിലും പാർട്ടിക്കു വേണ്ടി പുതിയ പ്രഫഷനൽ പിആർ ഏജൻസിയെ നിയമിക്കാൻ സിപിഎം തീരുമാനം.
എകെജി സെന്റർ കേന്ദ്രീകരിച്ചു പാർട്ടിയുടെ സമൂഹമാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്കു പുറമേ, മുഖ്യമന്ത്രിയുടെ ഓഫിസിൽ നിലവിലുള്ള ടീമിന്റെ പ്രവർത്തനത്തെ ഏകോപിപ്പിക്കാനുമാണു പുതിയ ഏജൻസി. വരാനിരിക്കുന്ന തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായുള്ള ‘മുഖം മിനുക്കൽ’ ശ്രമത്തിന്റെ ഭാഗമാണിത്.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ഇംഗ്ലിഷ് ദിനപ്പത്രത്തിന് ഒരുക്കിക്കൊടുത്ത കെയ്സൻ എന്ന ഏജൻസിയെയാണോ സിപിഎം പുതിയ ചുമതല ഏൽപിക്കുന്നതെന്നു വ്യക്തമല്ല. പാർട്ടി– യുവജന– വിദ്യാർഥി രംഗത്തെ നേതാക്കളും അംഗങ്ങളും ഉൾപ്പെടുന്ന സമൂഹ മാധ്യമ ടീമുകൾ എകെജി സെന്റർ കേന്ദ്രീകരിച്ചു സംസ്ഥാന തലത്തിലും കീഴ്ഘടകങ്ങളിലും നിലവിലുണ്ട്. സമൂഹ മാധ്യമ രംഗത്തെ പാർട്ടിയുടെ സംവിധാനങ്ങളെ ഉടച്ചു വാർക്കണമെന്നാണു നിർദേശം.
സമൂഹ മാധ്യമ രംഗത്തു പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നവരുടെ ഇടപെടലുകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നുവെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.