ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ, അജിത്തിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഡിജിപി എസ്.ദർവേഷ് സാഹിബ് ഇന്നു സർക്കാരിനു നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയേക്കും.

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അജിത്തിനോടു ‍ഡിജിപി ചോദിച്ചപ്പോൾ പ്രധാന നേതാക്കൾ ആരു കേരളത്തിൽ വന്നാലും കാണാൻ പോകാറുണ്ടെന്നായിരുന്നു മറുപടി. എങ്കിൽ ഔദ്യോഗിക വാഹനം ഒഴിവാക്കി രഹസ്യമായി പോയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ലാതായി. ഈ നടപടി തികച്ചും അനുചിതമെന്നാണു ഡിജിപിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

കേരളത്തിലെ ഒരു ആർഎസ്എസ് നേതാവ് എഡിജിപിയുടെ ഓഫിസിൽ നിത്യസന്ദർശകനായിരുന്നുവെന്നും അദ്ദേഹം വന്നാൽ തങ്ങളെ ഏറെ നേരം പുറത്തിരുത്തുമായിരുന്നുവെന്നും ഏതാനും ഐപിഎസ് ഉദ്യോഗസ്ഥർ ഡിജിപിയോടു പരാതിപ്പെട്ടിരുന്നു. ജയിലിൽ കഴിയുന്ന ആർഎസ്എസുകാരുടെ പരോളുമായി ബന്ധപ്പെട്ടായിരുന്നു ഈ കൂടിക്കാഴ്ചകൾ എന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

എന്നാൽ, പി.വി.അൻവറിന്റെ ആരോപണങ്ങളിൽ അജിത്തിനെതിരായ തെളിവൊന്നും ഡിജിപിക്കു ലഭിച്ചില്ല. കോഴിക്കോട്ടെ മാമി തിരോധാനക്കേസാണ് ഡിജിപി പ്രധാനമായും പരിശോധിച്ചത്. 

എഡിജിപിയെ കണ്ടത് 4 മിനിറ്റ് എന്ന് വൽസൻ; അന്വേഷിക്കണമെന്ന് സിപിഐ

തിരുവനന്തപുരം ∙ കൽപറ്റയിലെ ഹോട്ടലിൽ എഡിജിപി എം.ആർ.അജിത്കുമാറിനെ കണ്ടിരുന്നുവെന്നും അതു കഷ്ടിച്ച് 4 മിനിറ്റ് മാത്രമാണെന്നും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി. ദുരിതാശ്വാസവുമായെത്തിയ സേവാഭാരതി വൊളന്റിയർമാരെയും ആംബുലൻസിനെയും തടഞ്ഞ പൊലീസ് നടപടി പറയാനായിരുന്നു ഇതെന്നാണ് വിശദീകരണം.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് ആരോഗ്യപ്രവർത്തകരുമായി വന്ന ആംബുലൻസുകൾ പൊലീസ് തടഞ്ഞ കാര്യം ശ്രദ്ധയിൽപെടുത്താൻ വേണ്ടിയാണ് എഡിജിപിയെ കണ്ടത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി.ബാബു, ആർഎസ് എസ് സംസ്ഥാന സേവാപ്രമുഖ് എം.സി.വൽസൻ എന്നിവരും  ഒപ്പമുണ്ടായിരുന്നു. ഇതേ കാര്യം പറയാൻ മന്ത്രി കെ.രാജനെയും എഡിഎമ്മിനെയും കണ്ടിരുന്നു.    

എന്നാൽ ഇൗ കൂടിക്കാഴ്ചയെപ്പറ്റി അന്വേഷിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാവുമായി എഡിജിപി നടത്തിയ ചർച്ച ശ്രദ്ധയിൽപെട്ടയുടൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ദുരന്തസമയത്ത് സന്നദ്ധസംഘടനകളുടെ ഭക്ഷണം തടഞ്ഞ നടപടിക്ക് വൽസനും അജിത്കുമാറും നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വയനാട് ദുരന്തമേഖലയിൽ ഡ്യൂട്ടിക്കെത്തിയ അജിത്കുമാറിനെ വൽസൻ തില്ലങ്കേരിയുൾപ്പെടെ 3 നേതാക്കൾ കണ്ടുവെന്ന പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സന്ദീപ് വാരിയർ തുടങ്ങിയ നേതാക്കളും എഡിജിപി താമസിച്ച അതേ ഹോട്ടലിലായിരുന്നു താമസം.

English Summary:

DGP's report will be handed over to government today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com