പൂരം കലക്കൽ അന്വേഷണം: എഡിജിപിയെ നിയോഗിച്ചതിൽ ഐഎഎസ് തലപ്പത്ത് അമർഷം
Mail This Article
തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കിയതിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലുണ്ടായ പാളിച്ച അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ നിയോഗിച്ചതിൽ ഐഎഎസ് തലപ്പത്ത് അസ്വാരസ്യം. സർക്കാർ നടപടിയിലെ അഭിപ്രായവ്യത്യാസം ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നാണു വിവരം. പൂരത്തിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം നടത്തുന്നത് ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയുടെ അഭാവത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിക്കുന്നത്.
തൃശൂർ കലക്ടറാണ് അവിടെ വകുപ്പുകളുടെ ഏകോപനം നിർവഹിക്കുന്നത്. കലക്ടറും മറ്റു വകുപ്പു മേധാവികളും വരുത്തിയ വീഴ്ച അന്വേഷിക്കേണ്ടത് മുതിർന്ന അഡീഷനൽ ചീഫ് സെക്രട്ടറിയോ റവന്യു സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ ആകണമെന്നാണ് ഐഎഎസുകാരുടെ അഭിപ്രായം.
തൃശൂർ പൂരത്തിലുണ്ടായ വീഴ്ച ക്രമസമാധാന വിഷയത്തിലായിരുന്നില്ലെന്നും ഉദ്യോഗസ്ഥ ഏകോപനത്തിലാണെന്നും പറഞ്ഞുള്ള അന്വേഷണം പൊലീസ് തന്നെ നടത്തുന്നതിലാണ് എതിർപ്പുയർത്തുന്നത്.