സ്കൂൾ തസ്തിക നിർണയം: ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല; ഒളിച്ചുകളി തുടർന്ന് സർക്കാർ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവുകൾ ഇതുവരെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ സർക്കാർ. 2325 അധിക തസ്തികകൾ 2023 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യം നൽകി സൃഷ്ടിക്കാൻ കഴിഞ്ഞ ഓഗസ്റ്റ് 21ന് മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇതുവരെ നിയമന നടപടികളായിട്ടില്ല. ഈ അധ്യയന വർഷത്തെ തസ്തിക നിർണയം ഇതുവരെ പൂർത്തിയായിട്ടുമില്ല. അതിനുള്ള സമയപരിധി 31 വരെ നീട്ടിയിരിക്കുകയാണ്.
അതുകൂടി പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ വർഷത്തെ ഒഴിവുകളും റിപ്പോർട്ട് ചെയ്താൽ മതിയെന്ന് നിർദേശമുണ്ടെന്നാണു സൂചന. മുൻവർഷങ്ങളിൽ തസ്തിക നഷ്ടപ്പെട്ടു നിൽക്കുന്ന അധ്യാപകരെ പുനഃക്രമീകരിച്ച ശേഷമുള്ള ഒഴിവുകളിലേ പുതിയ നിയമനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ. 2 വർഷത്തെ കണക്ക് ഒരുമിച്ച് പരിഗണിച്ചുള്ള നടപടിയാണു സർക്കാർ സ്വീകരിക്കുന്നതെങ്കിൽ തസ്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയം അനുസരിച്ച് 513 സർക്കാർ സ്കൂളുകളിലായി 957 തസ്തികകളും 699 എയ്ഡഡ് സ്കൂളുകളിലായി 1368 തസ്തികകളും പുതിയതായി സൃഷ്ടിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും അധ്യാപക തസ്തികകളാണ്. എൽപി, യുപി, ഹൈസ്കൂൾ നിയമനം പിഎസ്‌സിയുടെ ജില്ലാതല റാങ്ക്പട്ടികയിൽ നിന്നാണ്. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരാണ് ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്.
എൽപിഎസ്ടി റാങ്ക് ലിസ്റ്റിന് അടുത്ത മേയ് 30 വരെയാണു കാലാവധി. മെയിൻ, സപ്ലിമെന്ററി പട്ടികകളിൽ 11,602 പേരുള്ളതിൽ നാലായിരത്തിലേറെപ്പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത്. അടുത്ത ഒക്ടോബർ 9ന് കാലാവധി അവസാനിക്കുന്ന യുപിഎസ്ടി റാങ്ക് പട്ടികയിൽ 8621 പേരുള്ളതിൽ 2500 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ഹൈസ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകളിലേറെയും ഈ വർഷമാണ് നിലവിൽ വന്നത്. കാര്യമായ നിയമനം അതിൽ നിന്നു നടന്നിട്ടില്ല.
ഈ വർഷത്തെ തസ്തിക നിർണയം ചട്ടമനുസരിച്ച് ജൂലൈ 15ന് തന്നെ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. കണക്കെടുപ്പ് പൂർത്തിയായെങ്കിലും തസ്തിക നിർണയം നീളുകയാണ്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക തസ്തിക നിർണയം കൂടി പൂർത്തിയാക്കാനായാണ് 31 വരെ സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.