‘മറ്റു തരത്തിൽ സഞ്ചാരം’ അതിലേക്ക് ഞാനിപ്പോൾ പോകണ്ടാലോ?
Mail This Article
തിരുവനന്തപുരം∙ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അൻവർ എംഎൽഎ നടത്തിയ ആക്ഷേപം അൻവറിന്റെ ശീലത്തിൽപെട്ട കാര്യങ്ങളാണെന്നു മുഖ്യമന്ത്രി. ശശി സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുവെന്നും ഓഫിസിലെത്തുന്ന സ്ത്രീകളോടു പരിധിവിട്ടു പെരുമാറുന്നുവെന്നും അൻവർ സിപിഎം സെക്രട്ടറിക്കു നൽകിയ പരാതിയിലുണ്ടല്ലോ എന്നു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അൻവറിന്റെ ബിസിനസ് ഡീലിൽ പല ഇടപാടുകളും കാണും. അതിന്റെ ഭാഗമായി ഒത്തുതീർപ്പുകളോ മറ്റു തരത്തിലുള്ള കൂട്ടുകെട്ടുകളോ ഉണ്ടാകും. തന്റെ ഓഫിസിലാരും ബിസിനസ് ഒത്തുതീർപ്പിനു നടക്കുന്നവരല്ല. ‘എല്ലായിടത്തും മറ്റു തരത്തിൽ സഞ്ചരിച്ച്’ എന്നു പറഞ്ഞശേഷം ഒന്നു നിർത്തിയ മുഖ്യമന്ത്രി, ‘അതിലേക്കു ഞാനിപ്പോ പോകണ്ടാലോ’ എന്നു കൂട്ടിച്ചേർത്തു. ഒരുതരത്തിലും സംശയത്തിന്റെ നിഴലിലുള്ളവരല്ല തന്റെ ഓഫിസിൽ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേരളത്തിൽ എല്ലാക്കാലത്തും സിപിഎം സ്വീകരിക്കുന്ന നിലപാട് വർഗീയതയ്ക്കെതിരാണ്. ഇതിൽ അമർഷമുള്ള വർഗീയശക്തികൾ പല തന്ത്രവും പയറ്റാറുണ്ട്. ഇതിൽ ചിലർ ആ ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കളിയുടെ കൂടെ അൻവറും ചേർന്നു. ആശ്ചര്യമില്ല. പുതിയ പാർട്ടി രൂപീകരിക്കാനാണെങ്കിൽ അതിനെയും നേരിട്ടുപോകും.
അൻവറിന്റെ ലക്ഷ്യം സിപിഎമ്മും എൽഡിഎഫും സർക്കാരുമാണ്. ഇതിന്റെയെല്ലാം പ്രതീകമായി നിൽക്കുന്നയാൾ എന്ന നിലയ്ക്കാണു തനിക്കെതിരെയുള്ള ആക്ഷേപങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.
ചിരി, നീണ്ട ചിരി....
ചോദ്യം: മരുമകനും കുടുംബത്തിനും വേണ്ടിയാണ് അജിത്കുമാറിന്റെ കാര്യത്തിൽ മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്യുന്നതെന്ന് അൻവർ ആരോപിച്ചല്ലോ?
ഉത്തരം (നീണ്ട ചിരിക്കുശേഷം): ഇതിനൊക്കെ ഞാൻ എന്താ മറുപടി പറയേണ്ടത്. നിങ്ങൾ പറയ്. അൻവർ തുടങ്ങിയപ്പോൾത്തന്നെ പറയാൻ പോകുന്നതിനെപ്പറ്റിയൊക്കെ ധാരണയുണ്ടായിരുന്നു.
ചോദ്യം: അൻവർ ഇങ്ങനെയുള്ളയാളാണെന്ന് ഇപ്പോഴാണോ മനസ്സിലായത്?
ഉത്തരം: (ചിരി മാത്രം)