ഇരുനൂറിലേറെ ഹൈസ്കൂളുകൾ ഓടുന്നത് പ്രഥമാധ്യാപകരില്ലാതെ; നൂറ്റി അൻപതിലേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുമില്ല
Mail This Article
തിരുവനന്തപുരം∙ വിദ്യാഭ്യാസ വർഷം പകുതിയായിട്ടും സംസ്ഥാനത്തെ ഇരുനൂറിലേറെ ഹൈസ്കൂളുകളിൽ പ്രഥമാധ്യാപകരും നൂറ്റി അൻപതിലേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുമില്ല. ഇതിനു പുറമേ 16 എഇഒ, രണ്ട് ഡിഇഒ, ഒരു ഡിഡിഇ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. സ്ഥാനക്കയറ്റം നൽകി തസ്തികകൾ നികത്താത്തതാണു പ്രശ്നം.
സ്കൂളുകളുടെയും വിദ്യാഭ്യാസ ഓഫിസുകളുടെയും പ്രവർത്തനത്തെ ഇതു സാരമായി ബാധിക്കുന്നുണ്ടെങ്കിലും പരിഹരിക്കാൻ നടപടിയില്ല. സ്ഥാനക്കയറ്റത്തിന് യോഗ്യരായവരുടെ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിട്ടുണ്ടെങ്കിലും ഇത് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ താമസിപ്പിക്കുകയാണ്.
പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫിസർമാരുമില്ലാത്ത സ്കൂളുകളിലും ഓഫിസുകളിലും പകരം ചാർജ് നൽകിയാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാൽ ഇത് അധികജോലി ഭാരം അടിച്ചേൽപിക്കുന്നതും പ്രവർത്തനം അവതാളത്തിലാക്കുന്നതുമാണെന്ന് വ്യാപക പരാതി ഉയരുന്നു. അർഹരായവർക്ക് സ്ഥാനക്കയറ്റം വൈകുന്നുവെന്ന പ്രശ്നവുമുണ്ട്.
ഹൈസ്കൂൾ അധ്യാപകരിൽ നിന്നാണ് ഹെഡ്മാസ്റ്റർമാരെയും എഇഒമാരെയും നിയമിക്കുന്നത്. ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്ന് ഡിഇഒമാരെയും ഡിഇഒമാരിൽ നിന്ന് ഡിഡിഇമാരെയും നിയമിക്കണം. ഹയർ സെക്കൻഡറി അധ്യാപകരിൽ നിന്നും യോഗ്യരായ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്നുമാണ് പ്രിൻസിപ്പൽ നിയമനം.
ഇത്രയും പേർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ അതനുസരിച്ച് താഴെത്തട്ടിലും സ്ഥാനക്കയറ്റ തസ്തികകൾ ഉണ്ടാകും. ഒഴിവു വരുന്ന അധ്യാപക തസ്തികകളിൽ പുതിയ നിയമനവും നടക്കും. ആ സാധ്യതകൾ കൂടിയാണ് വൈകുന്നത്.
സ്ഥാനക്കയറ്റം ലഭിക്കേണ്ടവരിൽ അടുത്ത മാർച്ചിൽ വിരമിക്കുന്നവരും ഉണ്ട്. അവസാന 10 മാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷൻ കണക്കാക്കാനായി ഉപയോഗിക്കുന്നത്. അർഹമായ സ്ഥാനക്കയറ്റം വൈകുമ്പോൾ അത് അവരുടെ പെൻഷനെയും ബാധിക്കും.