ADVERTISEMENT

കോട്ടയം ∙ അക്ഷരം മ്യൂസിയത്തിൽ സ്ഥാപിച്ച കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമയ്ക്ക് കാരൂരിന്റെ ഛായയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കൊച്ചുമകനും ചലച്ചിത്രകാരനുമായ വേണു രംഗത്ത്. മറിയപ്പള്ളിയിലെ മ്യൂസിയത്തിലെത്തി പ്രതിമ കണ്ടശേഷമായിരുന്നു വേണുവിന്റെ പ്രതികരണം. കാരൂരിന്റെ മകളും തന്റെ അമ്മയുമായ ബി.സരസ്വതി ഉൾപ്പെടെ കാരൂരിനെ നേരിൽക്കണ്ടിട്ടുള്ള 12 പേർ ഇതുതന്നെ പറഞ്ഞതായും വേണു പറയുന്നു. 

‘കാരൂർ മരിച്ചത് എനിക്ക് 17 വയസ്സുള്ളപ്പോഴാണ്. അദ്ദേഹത്തിന്റെ രൂപം നല്ല ഓർമയുണ്ട്. ഈ പ്രതിമ കാരൂരിന്റേതല്ല’ – വേണു പറഞ്ഞു. പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പക്ഷേ, ഈ പ്രതിമയുടെ അടിയിൽ കാരൂർ നീലകണ്ഠപ്പിള്ള എന്നെഴുതിവയ്ക്കരുത്. അജ്ഞാതനായ ഏതോ സാഹിത്യകാരൻ എന്ന് എഴുതുന്നതായിരിക്കും നല്ലത് – വേണു പറഞ്ഞു.

പ്രതിമ സ്ഥാപിച്ച വിവരം പത്രത്തിൽ വായിച്ചാണറിഞ്ഞത്.  ഇക്കാര്യത്തിൽ സംഘാടകർ തന്റെ അമ്മ ബി.സരസ്വതിയോട് അഭിപ്രായം ചോദിച്ചുവെന്നു പറയുന്നതും ശരിയല്ല. പ്രതിമയുടെ ചിത്രം കണ്ടയുടനെ ഇതിന് അച്ഛന്റെ രൂപമില്ലെന്നാണ് അമ്മ പറഞ്ഞതെന്നും വേണു പറഞ്ഞു. സ്ഥാപിക്കാൻ കൊണ്ടുവരുന്ന വഴി പ്രതിമ കാരൂരിന്റെ ഏറ്റുമാനൂരിലെ തറവാട്ടുവീട്ടിൽ കൊണ്ടുവരുമെന്നു പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല.

കൃഷ്ണശിലയിൽ നിർമിച്ച പ്രതിമയുടെ ശിൽപി ശ്രീകുമാർ ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ ദിവസം അക്ഷരം മ്യൂസിയത്തിന്റെ അങ്കണത്തിൽ മന്ത്രി വി.എൻ.വാസവനാണു പ്രതിമ ഏറ്റുവാങ്ങിയത്.  ഈ ചടങ്ങിൽ കാരൂരിന്റെ മറ്റൊരു കൊച്ചുമകനും മുൻ ജില്ലാ പൊലീസ് മേധാവിയുമായ എൻ.രാമചന്ദ്രനും പങ്കെടുത്തിരുന്നു. അക്ഷരം മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 19നു നിർവഹിക്കും.

കാരൂർ നീലകണ്‌ഠപ്പിള്ള

1898 ഫെബ്രുവരിയിൽ ഏറ്റുമാനൂരിൽ ജനനം. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒട്ടേറെ ചെറുകഥകളും മൂന്നു നോവലുകളും പത്തോളം ബാലസാഹിത്യകൃതികളും രചിച്ചു. മരപ്പാവകൾ, പൂവമ്പഴം എന്നിവ മലയാളത്തിലെ ഏറ്റവും മികച്ച കഥകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. 1945ൽ സാഹിത്യ പ്രവർത്തക സഹകരണസംഘം രൂപീകരിക്കാൻ നേതൃത്വം നൽകി. 1975 സെപ്റ്റംബർ 30ന് ആയിരുന്നു മരണം.

English Summary:

Venu Alleges Statue of Karoor Neelakanta Pillai at Akshara Museum Does Not Resemble Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com