വയനാട് പുനരധിവാസം; മേപ്പാടിയിലും കൽപറ്റയിലും ടൗൺഷിപ് നിർമിക്കും
Mail This Article
തിരുവനന്തപുരം ∙ മേപ്പാടിയിലെയും ചൂരൽമലയിലെയും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ അനുയോജ്യമെന്നു കണ്ടെത്തിയ മേപ്പാടി നെടുമ്പാലയിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിലും കൽപറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ് നിർമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാലതാമസമില്ലാതെ സ്ഥലം ഏറ്റെടുക്കുന്നതിനായി ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കാൻ മന്ത്രിസഭ അനുമതി നൽകി. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഏറ്റെടുക്കുമ്പോഴുണ്ടായ സങ്കീർണത കണക്കിലെടുത്താണ് ഇക്കുറി ദുരന്തനിവാരണ നിയമം പ്രയോഗിക്കുന്നത്.
വയനാടിനായി ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണനിധിയുടെ കേന്ദ്രവിഹിതം കൂടാതെ 219.2 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ വർഷം ഇൗ നിധിയിലേക്കു ലഭിക്കേണ്ട കേന്ദ്രവിഹിതമായ 291.2 കോടി രൂപയുടെ ആദ്യ ഗഡുവായി 145.6 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. രണ്ടാം ഗഡുവായ 145.6 കോടി രൂപയാണ് ഇപ്പോൾ തന്നത്. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാൻ മന്ത്രിസഭ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.