എഡിജിപിക്ക് ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് ബിനോയ് വിശ്വം, മാറ്റാനാകുമെന്നു മന്ത്രി കെ.രാജൻ
Mail This Article
തൃശൂർ ∙ ആർഎസ്എസുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത്കുമാറിന് ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എഡിജിപിയെ മാറ്റിനിർത്തുന്നത് സാധ്യമാകുമെന്നു തന്നെയാണു കരുതുന്നതെന്ന് മന്ത്രി കെ.രാജനും. ഈ വിഷയത്തിൽ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആ വാക്കുകളെ മാനിക്കാൻ സിപിഐക്കു രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കും– ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രകാശ് ബാബുവിന്റെ ലേഖനം സംബന്ധിച്ച് ഊഹാപോഹങ്ങളും തമാശക്കഥകളും പറഞ്ഞു മാധ്യമങ്ങൾ പരിഹാസ്യരാകരുത്. പാർട്ടി കമ്മിറ്റികളിൽ ചർച്ചകളുണ്ടാകും. ഏതു സഖാവിനും പാർട്ടി ഘടകത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. സിപിഐയിൽ ഒരാൾക്കു മാത്രമേ മിണ്ടാനാകൂ എന്നതല്ല സ്ഥിതി. ഉൾപാർട്ടി ജനാധിപത്യം പൂർണമായി പാലിക്കുന്ന പാർട്ടിയാണിത്. ചർച്ച ചെയ്തു കൂട്ടായ തീരുമാനമെടുക്കുന്നതാണു സിപിഐ ശൈലിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ എക്സിക്യൂട്ടീവിലോ കൗൺസിലിലോ ഒരു ഭിന്നതയുമില്ലെന്നു കെ.രാജനും അറിയിച്ചു. പാർട്ടി എടുത്ത എല്ലാ നിലപാടും ഏകകണ്ഠമാണ്. സെക്രട്ടറി ഒറ്റപ്പെട്ടിട്ടില്ല. സെക്രട്ടറി ഒറ്റപ്പെട്ടാൽ സംഘടന ഉണ്ടാവില്ല. സിപിഐയിൽ നടക്കുന്നത് ആരോഗ്യകരമായ ചർച്ച മാത്രം. പാർട്ടിയുടെ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുന്നുണ്ട്. ആരെയാണോ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് അവരും പറയുന്നുണ്ട്. ആര് പറഞ്ഞാലും അത് പാർട്ടിയുടെ നിലപാടായിരിക്കും. പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു ജനങ്ങളെ അറിയിക്കും– രാജൻ പറഞ്ഞു.