പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങി യുവാവിനു ദാരുണാന്ത്യം
Mail This Article
കൊച്ചി∙ പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവു ചതഞ്ഞരഞ്ഞു മരിച്ചു. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി.ജെ.അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറിനാണു(27) ജോലിക്കിടെ ദാരുണാന്ത്യമുണ്ടായത്. വടുതല ജോൺസൺ ബൈൻഡേഴ്സ് എന്ന സ്ഥാപനത്തിൽ ശനിയാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു അപകടം.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ സംസ്കരിച്ചു.ഭാര്യ മേഘ. മകൻ അഞ്ചു വയസ്സുകാരൻ ആദം. അൽവിനയാണു സഹോദരി.
ക്രിസ്മസ് നക്ഷത്രങ്ങളുടെ നിർമാണത്തിനിടെ പഞ്ചിങ് മെഷീനിൽ കുടുങ്ങിയ കടലാസ് എടുക്കാൻ ശ്രമിക്കവേ അലന്റെ കൈ മെഷിനിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അലൻ മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. യന്ത്രഭാഗങ്ങൾക്കുള്ളിൽ ശരീരത്തിന്റെ മുകൾഭാഗം പൂർണമായും ഞെരിഞ്ഞമർന്നു. ഹൃദയമടക്കമുള്ള ആന്തരികാവയവങ്ങൾ ചതഞ്ഞും വാരിയെല്ലുകൾ നുറുങ്ങിയും തൽക്ഷണം മരിച്ചു. നാൽപതോളം തൊഴിലാളികളാണു ജോൺസൺ ബൈൻഡേഴ്സിലുള്ളത്.
ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലുകളൊന്നും സ്ഥാപനം എടുത്തിരുന്നില്ലെന്നും അപകടശേഷം ഉടമ അലന്റെ വീട്ടിൽ എത്തിയില്ലെന്നും അലന്റെ ബന്ധുക്കൾ ആരോപിച്ചു. ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് അലന്റേതെന്നു ബന്ധുക്കൾ പറഞ്ഞു. വീടു ജപ്തിഭീഷണിയിലാണ്.