കോട്ടയത്തെ മാലിന്യപ്രശ്നത്തിൽ കലക്ടറുടെ ഇടപെടൽ; ഉദ്യോഗസ്ഥരുടെ യോഗം ഉടൻ, മാലിന്യ കനാലിന്റെ ഉറവിടം കണ്ടെത്താൻ നിർദേശം
Mail This Article
കോട്ടയം ∙ കോട്ടയം നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കാനായി നടപടിയാരംഭിച്ച് കലക്ടർ. നഗരസഭയുടെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു മാലിന്യനീക്കം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ തീരുമാനിക്കുമെന്ന് കലക്ടർ ജോൺ വി.സാമുവൽ അറിയിച്ചു. ഇതിനു ശേഷവും പ്രശ്നത്തിനു പരിഹാരമുണ്ടായില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത നടപടിയിലേക്കു നീങ്ങേണ്ടി വരുമെന്നും കലക്ടർ പറഞ്ഞു.
നഗരസഭാ പരിധിയിൽ മാലിന്യം കെട്ടിക്കിടക്കുന്നതു സംബന്ധിച്ച് മനോരമ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണു കലക്ടറുടെ ഇടപെടൽ. കോടിമതയിലെ പ്രധാന മാലിന്യസംഭരണ കേന്ദ്രം (എംസിഎഫ്), അതിനു സമീപം പ്രവർത്തിക്കാതെ കിടക്കുന്ന കംപോസ്റ്റ് പ്ലാന്റ്, നാഗമ്പടത്ത് മീനച്ചിലാറ്റിലേക്കു മാലിന്യം ഒഴുക്കുന്ന കനാൽ എന്നിവിടങ്ങൾ കലക്ടർ ഇന്നലെ സന്ദർശിച്ചു സ്ഥിതി വിലയിരുത്തി.
കോടിമതയിലെ സംഭരണകേന്ദ്രത്തിൽ അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്, റെക്സിൻ, ലെതർ എന്നിങ്ങനെ വേർതിരിക്കാതെയാണു കൂട്ടിയിടുന്നതെന്നു കലക്ടർ പറഞ്ഞു. ചെറിയ സംഭരണകേന്ദ്രങ്ങളിൽ (മിനി എംസിഎഫ്) എത്തിച്ച് വേർതിരിച്ച് ഇവിടെ എത്തിക്കണമെന്നാണു ചട്ടം. മീനച്ചിലാറ്റിലേക്കു മാലിന്യം ഒഴുക്കുന്ന കനാലിന്റെ ഉറവിടം കണ്ടെത്താനും കലക്ടർ നിർദേശം നൽകി.
ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ലക്ഷ്മി പ്രസാദും കലക്ടർക്കൊപ്പമുണ്ടായിരുന്നു.