എഡിജിപിക്കെതിരെ ചർച്ച സിപിഎം സംസ്ഥാന സമിതിയിലും
Mail This Article
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച പുറത്തായ സാഹചര്യത്തിൽ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ നടപടി വേണമെന്നു സിപിഎം സംസ്ഥാന സമിതിയിലും ആവശ്യമുയർന്നു. അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ്, നടപടി വൈകുന്നത് ദോഷകരമാകില്ലേ എന്ന ചോദ്യമുയർന്നത്.
അന്വേഷണ റിപ്പോർട്ടുകൾ കിട്ടിയശേഷം ആവശ്യമെങ്കിൽ നടപടിയാകാമെന്നാണു മുഖ്യമന്ത്രി പാർട്ടിക്കു മുന്നിലും വിശദീകരിച്ചത്. എന്നാൽ എഡിജിപിയുടെ ആർഎസ്എസ് ബന്ധം രാഷ്ട്രീയമായും തിരിച്ചടിയാണെന്നു ചൂണ്ടിക്കാട്ടി നടപടി വൈകുന്നതിനെതിരെ ചോദ്യമുയർന്നു. പക്ഷേ, ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരസ്യ പ്രതികരണം.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമർശവും പിആർ കമ്പനി ഇടപെടലും സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കെ.ചന്ദ്രൻപിള്ളയും അടക്കമുള്ളവരാണെന്നാണു വിവരം. ‘ദ് ഹിന്ദു’ പത്രം ക്ഷമാപണം നടത്തിയതോടെ വിവാദം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും നിലപാടിനോടു വിയോജിപ്പുണ്ടായി. ‘ഹിന്ദു’വിന്റെ വിശദീകരണം കൂടുതൽ ദോഷമായെന്നു ചൂണ്ടിക്കാട്ടിയ നേതാക്കൾ ഇതുമൂലമുണ്ടായ രാഷ്ട്രീയ ക്ഷതത്തിന് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. ഉത്തരമുണ്ടായില്ല.
മുഖ്യമന്ത്രി പറഞ്ഞതു വിശ്വസിക്കുകയാണെന്ന് എം.വി.ഗോവിന്ദൻ പറയുമ്പോഴും നേതൃത്വത്തിലെ എല്ലാവർക്കും ആ വിശ്വാസമില്ലെന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ചർച്ച. ന്യൂനപക്ഷത്തെ സിപിഎമ്മിന് എതിരാക്കാനുള്ള അൻവറിന്റെ നീക്കങ്ങൾ ജാഗ്രതയോടെ നേരിടണമെന്ന അഭിപ്രായവും ഉയർന്നു.