കേരളയിൽ അധ്യാപക നിയമനത്തിന് ഡിവൈഎഫ്ഐ നേതാവ് ചെയർമാൻ; കടകവിരുദ്ധമായ വിശദീകരണം നൽകി സർവകലാശാല
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ അസി. പ്രഫസർമാരുടെ കരാർ നിയമനത്തിനുള്ള സിലക്‌ഷൻ കമ്മിറ്റിയുടെ ചെയർമാനായി സിൻഡിക്കറ്റ് അംഗമായ ഡിവൈഎഫ്ഐ നേതാവ് ജെ.എസ്.ഷിജുഖാനെ ചുമതലപ്പെടുത്തിയതിൽ വൈസ് ചാൻസലർക്കു കടകവിരുദ്ധമായ വിശദീകരണവുമായി സർവകലാശാല.
യുജിസി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളയാൾ വേണം ചെയർപഴ്സനെന്നും താൻ നിയോഗിച്ചയാളുടെ പേര് സിൻഡിക്കറ്റ് അംഗീകരിച്ചില്ലെന്നുമായിരുന്നു വിസിയുടെ പരസ്യ നിലപാട്. എന്നാൽ, യുജിസി മാനദണ്ഡങ്ങളൊന്നും ഈ കരാർ നിയമനങ്ങൾക്കു ബാധകമല്ലെന്നും ഷിജുഖാനെ ചെയർമാനായല്ല, അംഗമായാണു നിയമിച്ചതെന്നുമാണു സർവകലാശാല പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പ്.
ഷിജുഖാന്റെ നിയമനം വിസിയുടെ അഭിപ്രായ പ്രകടനം സഹിതം ‘മനോരമ’ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണു സർവകലാശാല വിശദീകരണം. സർവകലാശാലയിൽ 4 വർഷ ബിരുദ കോഴ്സ് തുടങ്ങിയതിന്റെ ഭാഗമായി 11 പഠന വകുപ്പുകളിലേക്കായി 12 അസി.പ്രഫസർമാരെയാണ് 11 മാസത്തെ കരാറിൽ നിയമിക്കുന്നത്. വിവാദത്തിൽ ഗവർണർക്ക് എം.വിൻസെന്റ് എംഎൽഎ നൽകിയ പരാതിയിൽ വിസിയുടെ വിശദീകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്.
സർവകലാശാലയുടെ വിശദീകരണം
കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് 1977 പ്രകാരം നിലവിൽ നടന്നുവരുന്ന നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് ഇത്തവണയും ചെയ്തിട്ടുള്ളത്. സ്ഥിര നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
4 വർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് കടുത്ത അധ്യാപകക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, അധ്യാപകരെ താൽക്കാലികമായി നിയമിക്കാൻ സിൻഡിക്കറ്റ് അനുമതി നൽകി. 11 മാസത്തേക്ക് ബോണ്ട് വാങ്ങിയാണു നിയമനം. ഇതു യുജിസി നിർദേശിച്ചിട്ടുള്ള കരാർ നിയമനമല്ല.
സ്റ്റാറ്റ്യൂട്ട് പ്രകാരമാണു മുൻകാലങ്ങളിലും നടത്തിയിട്ടുള്ളത്. പിവിസിയുടെ ചുമതലയിലായിരുന്നു നേരത്തേ ഈ നടപടികൾ. അതിലും സിൻഡിക്കറ്റിലെ സ്റ്റാഫ് കമ്മിറ്റി കൺവീനർ അംഗമായിരുന്നു. ഇപ്പോൾ പിവിസി ഇല്ലാത്തതിനാൽ പഠനവകുപ്പു മേധാവിയും വിഷയ വിദഗ്ധരും സ്റ്റാഫ് കമ്മിറ്റി കൺവീനറും റജിസ്ട്രാറുമാണു സമിതിയിൽ.