മഞ്ചേശ്വരം കോഴക്കേസിലെ തോൽവി: അവിശുദ്ധബന്ധം ആരോപിക്കാൻ പ്രതിപക്ഷത്തിന് മറ്റൊരു വടികൂടി
Mail This Article
കാസർകോട് ∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ കോടതി വിട്ടയച്ചത് സംസ്ഥാന സർക്കാരിനും തിരിച്ചടി. തിരഞ്ഞെടുപ്പുകാലത്ത് തൃശൂർ കൊടകരയിൽ കുഴൽപ്പണം പിടികൂടിയ കേസിൽ മൂന്നു വർഷമായിട്ടും പൂർണ കുറ്റപത്രം നൽകാതെ പൊലീസ് ഉരുണ്ടു കളിച്ച് സുരേന്ദ്രനെ രക്ഷിക്കുന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നും മഞ്ചേശ്വരം കേസിലും ഇതേ സിപിഎം–ബിജെപി ബന്ധമാണ് ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി തന്നെ ഫയൽ ചെയ്ത കേസിൽ ബിജെപി നേതാക്കൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായാണ് പ്രതിപക്ഷ ആരോപണം. ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനും നേതാക്കളും ബിഎസ്പി സ്ഥാനാർഥി സുന്ദരയ്ക്ക് കോഴ നൽകി നോമിനേഷൻ പിൻവലിപ്പിച്ചു എന്നതാണ് കേസ്. സുന്ദരയ്ക്ക് പിന്നീട് സിപിഎം സഹകരണ സ്ഥാപനത്തിൽ ജോലി നൽകി. പൊലീസിന്റെ വീഴ്ചയാണ് കേസിൽ പരാജയപ്പെടാൻ കാരണമെന്ന ആരോപണമാണ് കെ.സുന്ദരയും ഉന്നയിച്ചത്.
തടങ്കലിൽ വച്ചുവെന്ന് ആരോപിക്കുന്ന ദിവസം സുന്ദര ബദിയടുക്കയിലെ പൊലീസ് ഉദ്യോഗസ്ഥർ, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര തുടങ്ങിയവരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും താൻ ബിജെപിയിൽ ചേർന്നതും നോമിനേഷൻ പിൻവലിച്ചതും സ്വന്തം ഇഷ്ട പ്രകാരമാണെന്നും സുന്ദര ബദിയടുക്ക പൊലീസിൽ നൽകിയ മൊഴി പ്രതിഭാഗം ഹാജരാക്കി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ സാക്ഷി മൊഴികൾ തന്നെ പ്രതിഭാഗത്തിന് അനുകൂലമായി മാറി.
നാമനിർദേശ പത്രിക പിൻവലിച്ച ശേഷം വീട്ടിൽ പോയെന്നും അമ്മ ഒരു പൊതി തന്നുവെന്നും അതിൽ 500 രൂപയുടെയും 2000ത്തിന്റെയും നോട്ടുകൾ ഉണ്ടായിരുന്നുവെന്നും സുന്ദര മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് സുന്ദര കോഴ വാങ്ങിയാണ് പത്രിക പിൻവലിച്ചതെന്നു വിശ്വസിക്കാൻ തെളിവല്ലെന്നായിരുന്നു പ്രതിഭാഗം വാദം.
പത്രിക പിൻവലിച്ച ദിവസം മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴും തന്നെ തട്ടിക്കൊണ്ടു പോയെന്നോ പ്രതികൾക്കെതിരായോ സുന്ദര ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതിയിൽ പ്രതിഭാഗം തെളിവു നിരത്തി.
പട്ടികജാതി–വർഗ അതിക്രമ കേസ് അന്വേഷിക്കുന്നതിന് ഡിവൈഎസ്പി ഉണ്ടായിരിക്കെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെക്കൊണ്ട് അന്വേഷിപ്പിച്ചതിന്റെ യുക്തിരാഹിത്യം പ്രതിഭാഗം അഭിഭാഷകർ ബോധ്യപ്പെടുത്തിയിരുന്നു.