ഉദ്ഘാടക മാത്രമല്ല, അമിഴ്തിനിയുടെ അമ്മ; അനൗദ്യോഗിക ചടങ്ങിൽ മകളെ ഒക്കത്തെടുത്ത് എഐജി ജി.പൂങ്കുഴലിയുടെ പ്രസംഗം
Mail This Article
കൊച്ചി∙ അമ്മയുടെ ഒക്കത്തിരുന്ന രണ്ടര വയസ്സുകാരി അമിഴ്തിനി നിറഞ്ഞ സദസ്സിനെ സാകൂതം നോക്കി. പിന്നെ, അമ്മയുടെ മുന്നിലിരുന്ന മൈക്കിൽ കൗതുകത്തോടെ ഒന്നു തൊട്ടു. കൺമുന്നിൽ ഒരുമിച്ചു മിന്നിത്തെളിയുന്ന ക്യാമറ ഫ്ലാഷുകളിലേക്കായി പിന്നെ ശ്രദ്ധ. ഇതിനോടകം പ്രസംഗം ആരംഭിച്ച അമ്മയുടെ മുഖത്തേക്കും സദസ്സിലേക്കും മാറി മാറി നോക്കി അൽപനേരം. ഇടയ്ക്കൊന്നു നിലത്തുനിർത്തിയ ശേഷം അമ്മ പ്രസംഗം തുടർന്നപ്പോൾ ചെറു പിണക്കമായി. ‘അമ്മേ’ എന്ന ഒരൊറ്റ വിളിയിൽ മകൾ വീണ്ടും അമ്മയുടെ ഒക്കത്ത്.
തീരദേശ പൊലീസ് എഐജി ജി.പൂങ്കുഴലിയാണു മകൾക്കൊപ്പം വേദിയിലെത്തിയത്. 2004ൽ തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നു പാസ് ഔട്ടായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ, ‘അഴകോടെ ഇരുപത്–24’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പൂങ്കുഴലി.
അവധിദിനം ആയതിനാലും അനൗദ്യോഗിക പരിപാടി ആയതിനാലും മകളെയും ഒപ്പം കൂട്ടുകയായിരുന്നു. അമിഴ്തിനിയുടെ സാന്നിധ്യം ചടങ്ങിൽ പങ്കെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൗതുകമായി.
കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ചെലവിടാൻ ആകെ കിട്ടുന്നതു ഞായറാഴ്ചകളാണെന്ന മുഖവുരയോടെ പ്രസംഗം തുടങ്ങിയ പൂങ്കുഴലി വനിതാ പൊലീസുകാർ കരിയറും കുടുംബവും ഒരുമിച്ചു കൊണ്ടു പോകാൻ സഹിക്കുന്ന ത്യാഗങ്ങളെ കുറിച്ചു വാചാലയായി.
സാധാരണ വീടുകളിൽ വനിതകൾ ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും കഴിയാറില്ല. മക്കളുടെയും കുടുംബത്തിന്റെയും പിന്തുണ വനിതാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിത വിജയത്തിനു പരമപ്രധാനമാണെന്നും പൂങ്കുഴലി പറഞ്ഞു.