ട്രെയിൻ സഡൻ ബ്രേക്കിട്ടു; വയോധികന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്
Mail This Article
മൂലമറ്റം ∙ ലോക്കോ പൈലറ്റിന്റെ നിശ്ചയദാർഢ്യം ഒരു വയോധികന്റെ ജീവൻ രക്ഷിക്കാനായി. മൂലമറ്റം സ്വദേശി ലോക്കോ പൈലറ്റ് ജിപ്‌സൺ രാജ് ജോർജാണ് സഡൻ ബ്രേക്കിട്ടതോടെ ഒരു ജീവൻ രക്ഷപ്പെടുത്തിയത്. 30ന് കന്യാകുമാരി കൊല്ലം മെമു ട്രെയിൻ 6.30ന് പാറശാല റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ശേഷമാണ് സംഭവം. ഒരാൾ റെയിൽവേ ലൈനിലൂടെ മുന്നോട്ട് നടന്നുനീങ്ങുന്നു.
ജിപ്‌സൺ പലതവണ നീട്ടി ഹോൺ മുഴക്കി. എന്നാൽ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. സഡൻ ബ്രേക്ക് ഇട്ടെങ്കിലും അൽപംകൂടി മുന്നോട്ടുനീങ്ങിയ ട്രെയിൻ തട്ടി ഇയാൾ താഴെ വീണു. വയോധികനെ നാട്ടുകാർ ചേർന്നു പുറത്തെടുത്തു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സഡൻ ബ്രേക്ക് ചെയ്യാൻ കഴിയുന്ന ഭാഗമായതിനാൽ ആർക്കും അപകടമില്ലാതെ ട്രെയിൻ നിർത്താനായി. റെയിൽവേയിൽ 25 വർഷമായി സേവനം നടത്തുന്ന ജിപ്‌സൺ മൂലമറ്റം സ്വദേശിയാണ്. റിട്ട. പോസ്റ്റ്മാസ്റ്റർ എ.ജെ. ജോർജ്കുട്ടിയുടെയും റിട്ട. അധ്യാപിക പരേതയായ പി.സി.മേരിക്കുട്ടിയുടെയും മകനാണ്.