ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് മേധാവിയുണ്ടെങ്കിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന ഭരണം നടത്തുന്നത് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ്. നേരത്തേ ഉത്തര മേഖലയും ദക്ഷിണ മേഖലയുമായി 2 എഡിജിപിമാരായിരുന്നു സംസ്ഥാനത്തെ ക്രമസമാധാനച്ചുമതല വഹിച്ചിരുന്നതെങ്കിൽ പിന്നീട് ഒരു എഡിജിപിയിലേക്ക് ഇൗ അധികാരം കേന്ദ്രീകരിച്ചു. ഇതോടെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ‘സൂപ്പർ ഡിജിപി’ ആയിമാറി.

ഇടതു സർക്കാരിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനു മാത്രം അവകാശപ്പെട്ട തസ്തികയായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനം മാറി. മുഖ്യമന്ത്രിയുടെ മാത്രമല്ല, പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഫോണിന്റെ മറുതലയ്ക്കൽ എപ്പോഴും എന്തിനും തയാറായി അജിത്കുമാർ ഉണ്ടെന്നതും പൊലീസ് തലപ്പത്തുയരുന്ന പതിവ് ആരോപണമായിരുന്നു. 

അജിത് കുമാർ നേരത്തേ നടത്തിയൊരു നീക്കവും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ് അന്നു വിജിലൻസ് ഡയറക്ടർ ആയിരുന്ന എം.ആർ.അജിത് കുമാറിന്റെ നിർദേശപ്രകാരം പാലക്കാട്ടെ വിജിലൻസ് സംഘം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ തട്ടിക്കൊണ്ടുപോകുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തു.

ഇതു വിവാദമായതോടെ അജിത്കുമാറിനെ എഡിജിപി പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന അപ്രധാന തസ്തികയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണമൊക്കെ പ്രഖ്യാപിച്ചെങ്കിലും 4 മാസം തികയും മുൻപ് സർവ ശക്തനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പൊലീസിൽ രണ്ടാമനായി എത്തി. പിന്നീടങ്ങോട്ട് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി – അജിത്കുമാർ കൂട്ടുകെട്ട് പൊലീസ് ഭരണം പൂർണമായും കയ്യടക്കി. 

ഡിജിപി ഡോ.എസ്.ദർവേഷ് സാഹിബ് ആദ്യം മടിച്ചെങ്കിലും ഒരു വർഷം കൂടി കാലാവധി നീട്ടിക്കിട്ടിയതോടെ  പിടിമുറുക്കാൻ തുടങ്ങി. എഡിജിപിയെ ശാസിച്ച് മെമ്മോ നൽകാനും അതു സർവീസ് രേഖകളിൽ ഉൾപ്പെടുത്താനും പോലും ഡിജിപി മടിച്ചില്ല. 

ഒടുവിൽ എസ്പി സുജിത് ദാസിന്റെ ഫോൺസംഭാഷണത്തിൽ‌ നിന്ന് തിരി കൊളുത്തിയ പടക്കം ആർഎസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലുമായി വലിയ ബോംബായി മാറിയപ്പോൾ, കരുത്തായി നിന്ന മുഖ്യമന്ത്രിയും കൈവിട്ടിരിക്കുന്നു. 2 വർഷത്തെ അധികാരപദവിയിൽ നിന്ന് അജിത്കുമാർ പടിയിറങ്ങുന്നു.

English Summary:

ADGP M.R.Ajithkumar has been removed from the post of law and order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com