അജിത്തിന് ഡിജിപി തസ്തിക കിട്ടേണ്ടത് 2025ൽ; സ്ഥാനക്കയറ്റം തടയുമോ വിജിലൻസ് അന്വേഷണം?
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയുളള വിജിലൻസ് അന്വേഷണം ഡിജിപി പദവിയിലെത്താനുള്ള സാധ്യതകൾക്കു തടസ്സമാകുമോ? അങ്ങനെ വന്നാൽ അജിത്കുമാറിനെ മറികടന്ന് ജൂനിയറായ എസ്.ശ്രീജിത്ത് ഡിജിപി പദവിയിലെത്തുമോ? അജിത്കുമാറിനെതിരെ നടക്കുന്ന വിവിധ അന്വേഷണങ്ങൾ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്കു സാധ്യത കൂട്ടുമ്പോൾ, അടുത്ത മാസം ചേരുന്ന പ്രമോഷൻ സ്ക്രീനിങ് കമ്മിറ്റിയിൽ സർക്കാർ എന്തു നിലപാട് സ്വീകരിക്കുമെന്നതും ചർച്ചയാകുന്നു.
മനുഷ്യാവകാശ കമ്മിഷൻ ഡിജിപി സഞ്ജീവ് കുമാർ പട്‌ജോഷി ഇൗ ഡിസംബറിൽ വിരമിക്കുമ്പോൾ ഒഴിവുവരുന്ന പദവിയിലാണ് ഇപ്പോൾ ക്രമസമാധാനച്ചുമതലയിലേക്കു നിയോഗിച്ചിരിക്കുന്ന ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം ഡിജിപിയാവുക. എന്നാൽ കേന്ദ്ര ഡപ്യൂട്ടേഷനിനുള്ള ഡിജിപി നിഥിൻ അഗർവാൾ തിരിച്ചെത്തിയാൽ മനോജ് ഏബ്രഹാമിന്റെ സ്ഥാനക്കയറ്റം 2025 ഏപ്രിലിൽ ഫയർഫോഴ്സ് ഡിജിപി കെ. പത്മകുമാർ വിരമിക്കുന്നതു വരെ വൈകും.
ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിഥിൻ അഗർവാളിനെ കേന്ദ്ര ആഭ്യന്തരവകുപ്പ് ഡപ്യൂട്ടേഷൻ റദ്ദാക്കി തിരിച്ചയച്ചിരുന്നുവെങ്കിലും അദ്ദേഹം അവധിയെടുത്തു. എന്നാൽ ഡിജിപിമാരുടെ ക്വാർട്ടേഴ്സിനായി കഴിഞ്ഞയാഴ്ച സർക്കാരിനു കത്തെഴുതിയതോടെ നിഥിൻ അഗർവാൾ കേരളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന ശക്തമായി. അങ്ങനെയെങ്കിൽ ഏപ്രിലിൽ പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ മനോജ് ഏബ്രഹാമും നിലവിലുള്ള സംസ്ഥാന പൊലീസ് മേധാവി ഡോ.എസ്. ദർവേഷ് സാഹിബ് 2025 ജൂലൈയിൽ വിരമിക്കുന്ന ഒഴിവിൽ എം.ആർ.അജിത്കുമാറും ഡിജിപി പദവിയിലെത്തണം.
ഇവിടെയാണ് പി.വി.അൻവറിന്റെ പരാതിയിൽ എം.ആർ.അജിത്കുമാറിനെതിരെ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം ചർച്ചയാകുന്നത്. വിജിലൻസിൽ നാലുതരം അന്വേഷണമാണുള്ളത്. 15 ദിവസം കൊണ്ട് നടത്തുന്ന കോൺഫിഡൻഷ്യൽ വെരിഫിക്കേഷൻ, ഒരു മാസം കൊണ്ട് നടത്താവുന്ന ക്വിക് വെരിഫിക്കേഷൻ, 2 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന പ്രിലിമിനറി എൻക്വയറി. ഇതു മൂന്നും അല്ലാതെ 6 മാസം കൊണ്ട് പൂർത്തിയാക്കുന്ന വിജിലൻസ് അന്വേഷണമാണ് അജിത്തിനെതിരെ സർക്കാർ ഉത്തരവിട്ടത്.
പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരമുള്ള ഇൗ അന്വേഷണം നീണ്ടുപോകുകയാണെങ്കിൽ പ്രമോഷൻ സ്ക്രീനിങ് കമ്മിറ്റിക്ക് സാങ്കേതികകാരണം പറഞ്ഞ് പ്രമോഷൻ മാറ്റിവയ്ക്കാം. അങ്ങനെയാണെങ്കിൽ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത് അജിത്കുമാറിനു പകരം ഡിജിപി തസ്തികയിലെത്താം. സർക്കാർ അത്തരമൊരു നീക്കം നടത്തിയാൽ അജിത്കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണലിനെ സമീപിക്കാനാകും.
2025ലെ ഡിജിപി പദവിയിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റി അടുത്ത മാസമാണു ചേരേണ്ടത്.