കാറിന് മുകളിലെ സാഹസികയാത്ര: ലൈസൻസ് സസ്പെൻഡ് ചെയ്തു
Mail This Article
കാക്കനാട്∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം കാറിനു മുകളിലിരുന്നു സാഹസിക യാത്ര നടത്തിയ കേസിൽ ഡ്രൈവർ വൈക്കം ചെമ്പ് സ്വദേശി അനന്തുവിന്റെ ഡ്രൈവിങ് ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു.
കാറിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യാൻ ശുപാർശയും നൽകി. ഡ്രൈവർ ഇന്നലെ എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജിനു മുൻപിൽ ഹാജരായി കുറ്റം സമ്മതിച്ചതിനെ തുടർന്നാണു ലൈസൻസ് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ കാലാവധി പൂർത്തിയാകും മുൻപു റോഡ് നിയമ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ഡ്രൈവറോടു നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണു കാറിനു മുകളിലെ സാഹസിക യാത്ര അരങ്ങേറിയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവർ ദൃശ്യം പകർത്തിയതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ദൃശ്യം പകർത്തിയവർ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.
ദൃശ്യങ്ങൾ കോതമംഗലം ജോയിന്റ് ആർടിഒയ്ക്കു കൈമാറുകയും ചെയ്തിരുന്നു.