ക്രമസമാധാനം വിട്ട് എഡിജിപി, സിപിഐക്ക് സമാധാനം; മുഖ്യമന്ത്രിയുടെ നടപടി ഗത്യന്തരമില്ലാതായതോടെ
Mail This Article
തിരുവനന്തപുരം ∙ വിശ്വസ്തനെ സംരക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെയാണ് എഡിജിപി എം.ആർ.അജിത്കുമാറിനെ കൈവിടാൻ മുഖ്യമന്ത്രി നിർബന്ധിതനായത്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ ആവശ്യത്തെ ആദ്യം അവഗണിച്ചും പിന്നീട് അടിച്ചമർത്തിയും ഒരു മാസത്തോളം മുന്നോട്ടുപോയ പിണറായി, പാർട്ടിക്കകത്തും മുന്നണിയിലും സമ്മർദം ശക്തമായതോടെയാണു വഴങ്ങിയത്.
-
Also Read
കഴിഞ്ഞദിവസം തന്നെ പറഞ്ഞതല്ലേ: ബിനോയ്
പി.വി.അൻവർ എംഎൽഎ ആരോപണങ്ങളുന്നയിച്ചതിനു തൊട്ടുപിന്നാലെ, സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കുമെന്നും സത്യസന്ധർക്കു പൂർണ പിന്തുണ നൽകുമെന്നും വ്യക്തമാക്കി, കോട്ടയത്തെ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ അജിത്കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ക്രമസമാധാനച്ചുമതലയിൽ നിന്ന് അജിത്തിനെ നീക്കാൻ മുഖ്യമന്ത്രി ഒരുങ്ങുന്നുവെന്ന പ്രതീതി ഇതുണ്ടാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
അൻവറുമായി നടത്തിയ വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ മലപ്പുറം മുൻ എസ്പി എസ്.സുജിത്ദാസിനെതിരെ മിന്നൽവേഗത്തിൽ അച്ചടക്ക നടപടിയെടുത്ത ആഭ്യന്തര വകുപ്പ് അജിത്തിനെ തൊട്ടില്ല. അന്വേഷണ റിപ്പോർട്ട് ലഭിക്കട്ടെ, നടപടിയുടെ കാര്യം അപ്പോൾ നോക്കാമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. ആരോപണങ്ങളുയർന്നതിനു പിന്നാലെ അജിത്തിനെതിരെ നടപടിയെടുത്ത് അൻവറിനെ താരമാക്കേണ്ട എന്ന ചിന്തയും ഇതിനു കാരണമായി.
സ്വർണക്കടത്ത്, ഫോൺ ചോർത്തൽ എന്നിവയ്ക്കു പിന്നാലെ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച ആരോപണവും അൻവർ ഉന്നയിച്ചെങ്കിലും അവിടെയും അന്വേഷണത്തിന്റെ വഴി മുഖ്യമന്ത്രി തിരഞ്ഞെടുത്തു. അൻവറിനെ ഗൗനിക്കേണ്ടെന്ന നിലപാടുമായി മുഖ്യമന്ത്രി മുന്നോട്ടുപോകവേയാണ്, ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയത്. ആർഎസ്എസ് നേതാവിനെ അജിത്കുമാർ രഹസ്യമായി കണ്ടെന്നും തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടന്നുവെന്നും തൃശൂരിൽ ബിജെപിയുടെ ജയത്തിന് അതു വഴിവച്ചെന്നുമുള്ള ആരോപണം ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി.
അജിത്തിനെതിരെ നടപടിയെടുത്തേ തീരൂവെന്ന് സിപിഐ ഉറച്ച നിലപാടെടുത്തെങ്കിലും വിശ്വസ്തനെ കൈവിടാൻ അപ്പോഴും മുഖ്യമന്ത്രി തയാറായില്ല.
അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെക്കുറിച്ച് ആലോചിക്കാമെന്ന് എൽഡിഎഫ് യോഗത്തിൽ ശബ്ദം കടുപ്പിച്ച് പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ പരമാവധി സമയം തള്ളിനീക്കിയ മുഖ്യമന്ത്രിയുടെ കയ്യിലേക്ക് ഇന്നലെ രാവിലെയാണു റിപ്പോർട്ട് എത്തിയത്.
നിയമസഭാ സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിക്കാനിരിക്കെ, വിശ്വസ്തനെ ഇനിയും സംരക്ഷിക്കാനാവില്ലെന്ന യാഥാർഥ്യം മുഖ്യമന്ത്രി ഉൾക്കൊണ്ടു. സിപിഐയുടെ കടുത്ത സമ്മർദം കൂടിയായതോടെ അജിത്തിനെ അദ്ദേഹം കൈവിട്ടു.