കഴിഞ്ഞദിവസം തന്നെ പറഞ്ഞതല്ലേ: ബിനോയ്
Mail This Article
തിരുവനന്തപുരം ∙ രാപകൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് അജിത്കുമാറിനെ നീക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സ്വീകരിച്ചത്. തീരുമാനത്തിനു മുന്നോടിയായി പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി അടക്കമുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങളുമായി അദ്ദേഹം ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബിനോടും ക്ലിഫ് ഹൗസിലെത്താൻ നിർദേശിച്ചു. എന്നാൽ, അജിത്കുമാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള നിർണായക യോഗം ക്ലിഫ് ഹൗസിൽ ചേരുന്നതായി വാർത്ത വന്നതോടെ, ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്തക്കുറിപ്പിറക്കി.
ഇതിനു പിന്നാലെയാണു സിപിഐ നിലപാട് കടുപ്പിച്ചത്. രാത്രി 8 ന് തീരുമാനമുണ്ടാകുമെന്ന മറുപടി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സിപിഐക്കു ലഭിച്ചു. അവധി ദിനമായ ഇന്നലെ രാത്രി ഏഴേകാലോടെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ തന്റെ ഓഫിസിലെത്തി.
ഒരു മണിക്കൂറിനു ശേഷം മടങ്ങി. ഏതു നിമിഷവും തീരുമാനം അറിയിക്കുമെന്ന പ്രതീക്ഷയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ആസ്ഥാനത്തെത്തി കാത്തിരുന്നു. 9.03ന് തീരുമാനം വന്നു. പിന്നാലെ പ്രതികരണത്തിനായി സമീപിച്ച മാധ്യമപ്രവർത്തകരോട് നിറഞ്ഞ ചിരിയോടെ ബിനോയിയുടെ മറുപടി – മാറ്റുമെന്ന് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞതല്ലേ !