കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച് റബർ; ഇന്ത്യയിലേക്ക് ശ്രീലങ്കൻ കുരുമുളക്: ഇന്നത്തെ (10/3/25) അന്തിമ വില

Mail This Article
ഏഷ്യൻ റബർ കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച് ഉൽപന്നവില താഴ്‌ന്നു. അമേരിക്കൻ വ്യാപാരയുദ്ധമാണ് ആഗോള വ്യവസായിക മേഖലയെ പ്രതിസന്ധിലാക്കിയത്. ഉയർന്ന തീരുവകൾ കയറ്റുമതിയെ ബാധിക്കുമെന്ന തിരിച്ചറിവിൽ അസംസ്‌കൃത വസ്‌തുക്കൾ സംഭരിക്കുന്നതിൽനിന്നും വ്യവസായികൾ പിൻതിരിഞ്ഞത് റബർവിലയെ കാര്യമായി തന്നെ ബാധിച്ചു. അതേസമയം മുന്നിലുള്ള മൂന്ന് മാസങ്ങളിൽ ഷീറ്റ് വില ഉയരുമെന്ന വിശ്വാസത്തിൽ ചരക്കു പിടിച്ച സ്റ്റോക്കിസ്റ്റുകൾ അൽപം പരുങ്ങലിലുമാണ്. കരുതൽ ശേഖരത്തിൽ പിടി മുറുക്കണോ, അതോ വിൽപനയിലേക്കു തിരിയണമോയെന്ന കാര്യത്തിൽ മുഖ്യ ഉൽപാദകരാജ്യങ്ങൾക്ക് വ്യക്തമായ ഒരു വിലയിരുത്തലിൽ ഇനിയും എത്താനായിട്ടില്ല. ഒരു വശത്ത് രാജ്യാന്തര ക്രൂഡ് ഓയിൽവില ഇടിയുന്നത് കൃത്രിമ റബറിൽ സമ്മർദ്ദമുളവാക്കുമെന്ന ഭീതിയും തല ഉയർത്തുന്നു. ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർ നവംബർ 15നു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കായ കിലോ 343 യെന്നിലാണ്. സാങ്കേതികമായി നിലവിൽ റബറിന് 330 യെന്നിൽ താങ്ങുണ്ട്. ഓഫ് സീസണായതിനാൽ സംസ്ഥാനത്തെ വിപണികളിൽ ചരക്കുവരവ് കുറഞ്ഞ അളവിലാണ്. ടയർ കമ്പനികൾ നാലാം ഗ്രേഡ് ഷീറ്റ് കിലോ 193 രൂപ പ്രകാരം ശേഖരിച്ചു.

സത്ത് നിർമാതാക്കൾക്ക് ആവശ്യമായ മൂപ്പു കുറഞ്ഞ കുരുമുളക് ശ്രീലങ്ക വാഗ്‌ദാനം ചെയ്‌തു. ഇന്ത്യൻ ഒലിയോറെസിൻ വ്യവസായികളെ മുന്നിൽ കണ്ടുള്ള നീക്കങ്ങൾക്കാണ് അവർ തുടക്കം കുറിച്ചത്. ഇതിനിടെ ഇന്ത്യൻ തുറമുഖങ്ങളിൽ മൂപ്പ് കുറഞ്ഞ ലൈറ്റ് പെപ്പർ എത്തിയെന്ന് വിപണി വൃത്തങ്ങൾ വ്യക്തമാക്കുന്നു. രാജ്യാന്തര മാർക്കറ്റിൽ കുരുമുളകുക്ഷാമം രൂക്ഷമായതോടെ ഇന്തൊനീഷ്യ അവരുടെ ഉൽപന്നവില ടണ്ണിന് 7700 ഡോളറായി ഉയർത്തി. ഇതോടെ ഇന്ത്യൻ മുളകുമായുള്ള അവരുടെ അന്തരം കേവലം 200 ഡോളറായി ചുരുങ്ങി. മലബാർ മുളക് വില ടണ്ണിന് 7900 ഡോളറാണ്. ഇന്ത്യൻ ഉൽപന്നത്തിന്റെ ഗുണമേന്മ വിലയിരുത്തിയാൽ നിലവിലെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങൾ പ്രവഹിക്കാൻ ഇടയുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില ക്വിന്റലിന് 700 രൂപ വർധിച്ച് 68,900 രൂപയായി.
വെളിച്ചെണ്ണ വിപണിയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 200 രൂപ വർധിച്ച് 23,100ലേക്ക് കയറിയെങ്കിലും കൊപ്ര വില 100 രൂപ മാത്രമാണ് ഉയർന്നത്. കാർഷിക മേഖലകളിൽ കൊപ്രയ്‌ക്കും പച്ചത്തേങ്ങയ്‌ക്കും ക്ഷാമം നിലവിലുണ്ട്, വ്യവസായികളുടെ കണക്കുകൂട്ടലിനൊത്ത് ചരക്ക് സംഭരിക്കാൻ പല അവസരത്തിലും മില്ലുകാർ ക്ലേശിച്ചു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക