കേരളത്തിലെ ചെണ്ടമേളക്കാരുമായി ലൊല്ലപ്പലൂസയിൽ ഹനുമാൻ കൈൻഡ്; വേദിയെ തീ പിടിപ്പിച്ച് പ്രകടനം

Mail This Article
മുംബൈ∙ ജാസും ഹെവി മെറ്റലും നിറഞ്ഞ ലോക സംഗീതത്തിന്റെ ആഘോഷ വേദിയിൽ ചെണ്ടയുടെ താളവും ഉത്സവമേളവും ഒരുക്കി മലയാളി റാപ്പർ ഹനുമാൻ കൈൻഡ്. പുതിയ ആൽബം "റൺ ഇറ്റ് അപ്" ആദ്യമായി വേദിയിൽ അവതരിപ്പിച്ചത് ലൊല്ലപ്പലൂസയിലെ കാണികളായ ആയിരങ്ങൾക്കു ത്രസിപ്പിക്കുന്ന അനുഭവമായി. കേരളത്തിലെ ചെണ്ടമേളക്കാരുമായാണ് ഹനുമാൻ കൈൻഡ് വേദിയെ ഉണർത്തിയത്.

മരണക്കിണറിലെ സംഗീതാഭ്യാസവുമായി (ആൽബം:ബിഗ് ഡാഗ്സ്) പാശ്ചാത്യസംഗീതലോകത്ത് താരമായ ഹനുമാൻകൈൻഡിന്റെ പുതിയ ഗാനം വേദിയെ തീപിടിപ്പിച്ചു. ഒരു മണിക്കൂർ നീണ്ട പ്രകടനം വേദിക്കും സദസ്സിനും ഊർജ പ്രവാഹമായി.

മുംബൈ മഹാലക്ഷ്മി റേസ്കോഴ്സിൽ നടന്ന ലോക ടൂറിങ് സംഗീതോത്സവത്തിന്റെ ഹൈലൈറ്റ് ആയത് പ്രശസ്ത അമേരിക്കൻ റോക്ക് ബാൻഡ് ഗ്രീൻ ഡേയുടെ സാന്നിധ്യമാണ്. ഇന്ത്യയിലെ ആദ്യ വേദിയിൽ ആരാധകരെ ഇളക്കി മറിച്ച പ്രകടനത്തോടെ ലൊല്ലപ്പലൂസയുടെ കലാശക്കൊട്ട് നടത്തിയത് ഈ മൂന്നംഗ സംഘമാണ്.

പ്രശസ്ത കൊറിയൻ ബാൻഡ് വേവ് ടു എർത്ത്, ഷോൺ മെൻഡസ്, ഗ്ലാസ് അനിമൽസ്, കോറി വോങ്, ലൂയി ടോമ്‌ലിൻസൺ, ജോൺ സമ്മിറ്റ്, അറോറ, നതിഹ് ബട്ട് തീവ്‌സ്, ഇസബെൽ ലറോസ എന്നിവരുൾപ്പെടെ 35ൽ ഏറെ ബാൻഡുകളുടെ സംഗീത പ്രകടനമാണ് ലൊല്ലപ്പലൂസ ഇന്ത്യയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായത്.

രണ്ടുദിവസമായി 20 മണിക്കൂറിലേറെ വേദികൾ ഇളകി മറിഞ്ഞപ്പോൾ സിരകളിൽ വൈബ് നിറച്ചു മടങ്ങിയത് ഇന്ത്യയ്ക്കകത്തും പുറത്തും നിന്നെത്തിയ ലക്ഷത്തിലേറെ സംഗീതപ്രേമികൾ!
