സ്വർണം കടത്തിയതിന് മതപണ്ഡിതൻ പിടിയിലായി: ജലീൽ
Mail This Article
മലപ്പുറം ∙ മുസ്‌ലിം ലീഗുമായി അടുപ്പമുള്ള മതപണ്ഡിതൻ കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതിനു പിടിയിലായിട്ടുണ്ടെന്നു കെ.ടി.ജലീലിന്റെ ആരോപണം. ‘ഹജ് കർമം കഴിഞ്ഞു മടങ്ങുന്നതിനിടെ പുസ്തകത്തിന്റെ ചട്ടയിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് കണ്ടെത്തിയത്. തുടർന്ന് ആഴ്ചകളോളം ജയിൽശിക്ഷ അനുഭവിച്ചു. ലീഗ് നിഷേധിച്ചാൽ മതപണ്ഡിതന്റെ പേരു വെളിപ്പെടുത്തും’– ജലീൽ പറഞ്ഞു.
സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്ന തന്റെ പ്രസ്താവന മുസ്‌ലിം ലീഗും കോൺഗ്രസും വളച്ചൊടിക്കുകയാണ്. സ്വർണക്കടത്തിന്റെ പേരിൽ നിരപരാധിയായ തന്നെ വേട്ടയാടിയപ്പോൾ ലീഗും യൂത്ത് ലീഗുമെല്ലാം എവിടെയായിരുന്നുവെന്നു ജലീൽ ചോദിച്ചു.
കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണു മുസ്‌ലിം സമുദായത്തിൽ നടത്താൻ മലപ്പുറം പ്രേമികൾ ഉദ്ദേശിക്കുന്നതെന്നു ജലീൽ ഫെയ്സ്ബുക് പോസ്റ്റിൽ ചോദിച്ചു. സ്വർണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‌ലിംകളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാസിമാർ തയാറാകണമെന്നു പറഞ്ഞാൽ അതെങ്ങനെയാണ് ഇസ്‌ലാമോഫോബിക് ആവുക?
യുഎഇ കോൺസുലേറ്റ് നൽകിയ റമസാൻ കിറ്റുകൾ വിതരണം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതിന് എന്നെ ഉടൻ കൽതുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോൺഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ തോറ്റ എംഎൽഎയുടെ കറകളഞ്ഞ കാപട്യത്തിന് എന്തൊരു മൊഞ്ചാണ്? –ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.