'സ്വതന്ത്ര നിലപാടെടുക്കും': സിപിഐയുടെ തുറുപ്പുചീട്ട്; അപകടം മണത്ത് ഗോവിന്ദൻ, പിന്നാലെ നടപടി
Mail This Article
തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം പൂർണ നടപടി ക്രമത്തിലേക്ക് ഇന്നു കടക്കാനിരിക്കെ ഇന്നലെ രാത്രി എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കാൻ കാരണം സിപിഐയുടെ കത്ത്. ഇന്നു നിയമസഭയിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയം ഉയർന്നാൽ സിപിഐ സ്വതന്ത്ര നിലപാടെടുക്കും എന്ന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണു കത്തു നൽകിയത്. അപകടം മണത്ത എം.വി.ഗോവിന്ദൻ, അജിത്തിനെതിരെ നടപടി ഉണ്ടെങ്കിൽ ഇന്നലെത്തന്നെ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ പങ്കാളിത്തം പുറത്തുവന്നതോടെ നടപടി എടുക്കാതെ തരമില്ലെന്ന് സിപിഐ നിലപാടെടുത്തിരുന്നു. ശക്തമായി ഈ ആവശ്യം ഉന്നയിച്ചില്ലെങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചന പ്രധാന നേതാക്കളായ കെ.പ്രകാശ് ബാബുവും തൃശൂരിലെ സ്ഥാനാർഥി വി.എസ്.സുനിൽകുമാറും നൽകി. ഇതോടെ സംസ്ഥാന നേതൃത്വത്തിനുമേൽ സമ്മർദമേറുകയായിരുന്നു.