ADVERTISEMENT

തിരുവനന്തപുരം∙ ഇടതുമുന്നണിയിലെ പ്രബല കക്ഷികൾക്കിടയിൽ ഒരു മാസത്തോളം നീണ്ട അസ്വാരസ്യത്തിനു താൽക്കാലിക പരിഹാരമുണ്ടാക്കുന്ന തീരുമാനമാണ് ഇന്നലെ രാത്രി വന്നത്. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കുക എന്നത് സിപിഐക്ക് അഭിമാനപ്രശ്നമായിരുന്നു. ഭരണനേതൃത്വത്തെ പ്രതിസന്ധിയിലാക്കി ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ അജിത്തിനെ നീക്കിയതു വഴി ഇടതുമുന്നണിയുടെ കെട്ടുറപ്പ് കാക്കാൻ സാധിച്ചുവെന്ന് സിപിഎമ്മിനും ആശ്വസിക്കാം.

മുഖ്യമന്ത്രിയുടെ വിശ്വസ്തനെ പരസ്യമായി തള്ളിപ്പറയാൻ സിപിഎം നേതൃത്വം മടിച്ചപ്പോൾ, ഉറച്ച നിലപാടുമായി രംഗത്തുവന്നത് സിപിഐയാണ്. തൃശൂരിൽ തങ്ങളുടെ സ്ഥാനാർഥിയുടെ തോൽവിക്കു വരെ കാരണക്കാരനായ ഉദ്യോഗസ്ഥനായാണ് അവർ അജിത്തിനെ കണ്ടത്. അങ്ങനെയുള്ളയാളെ നീക്കാനുള്ള ആവശ്യം നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ അഭിമാനം പണയംവച്ച് മുന്നണിയിൽ തുടരേണ്ട ഗതികേടിലേക്ക് സിപിഐ എത്തുമായിരുന്നു. മുന്നണി വിടണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുമായിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷവും അജിത്തിനെ സംരക്ഷിക്കാനാണു മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ കടുത്ത നിലപാടെടുക്കാനുള്ള പുറപ്പാടിലായിരുന്നു സിപിഐ. 

നിയമസഭാ സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിക്കാനിരിക്കെ, അത്തരമൊരു നടപടി ഇടതുമുന്നണിക്കും സർക്കാരിനും ഉണ്ടാക്കാവുന്ന ആഘാതം കടുത്തതാകുമായിരുന്നു. അതിനു തടയിടാൻ കൂടി ലക്ഷ്യമിട്ടാണ് രാത്രി തിരക്കിട്ട ചർച്ചകൾക്കൊടുവിൽ അജിത്തിനെ നീക്കാൻ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയത്.

മുന്നണിക്കുള്ളിൽ നടത്തിയ പോരാട്ടം വിജയം കണ്ടതിന്റെ ആവേശവും ആശ്വാസവും ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തിൽ വ്യക്തമായിരുന്നു. സിപിഐയുടെയല്ല, എൽഡിഎഫിന്റെയാകെ വിജയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തങ്ങൾ നടത്തിയ പോരാട്ടം എൽഡിഎഫിനു വേണ്ടിയായിരുന്നുവെന്നാണു ഇതിലൂടെ ബിനോയ് പറഞ്ഞുവച്ചത്.

English Summary:

It was a matter of pride for the cpi to removal of Ajith Kumar from the law and order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com