യുഡിവൈഎഫ് നിയമസഭാ മാർച്ചിൽ സംഘർഷം; 6 പ്രവർത്തകർക്കു പരുക്ക്, 36 പേരെ കസ്റ്റഡിയിലെടുത്തു
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറ്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ പതിച്ചതു പ്രധാന റോഡിലെ വ്യാപാരശാലയിലും യാത്രക്കാർക്കു സമീപവും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 36 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് സ്പെൻസർ ജംക്‌ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നിയമസഭയ്ക്കു സമീപം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. പിന്നാലെയാണ് ഒന്നര മണിക്കൂറോളം നീണ്ട സംഘർഷമുണ്ടായത്.
ഉദ്ഘാടനത്തിനു പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും മുകളിലൂടെ ചാടാനും ശ്രമിച്ചു. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സമരം അവസാനിപ്പിക്കാത്തതിനെത്തുടർന്ന് ഒരു യൂണിറ്റ് ജലപീരങ്കി കൂടി എത്തിച്ച് വെള്ളം ചീറ്റിച്ച് പ്രവർത്തകരെ അകറ്റാൻ ശ്രമിച്ചു.
ഇതിനിടെ, പൊലീസിനു നേരെ പ്രവർത്തകർ കല്ലും കുപ്പികളും കൊടികെട്ടിയ പൈപ്പുകളും വലിച്ചെറിഞ്ഞു. കൂട്ടത്തിൽ, റോഡിന്റെ മീഡിയനിൽ കായ്ച്ച കമ്പിളി നാരങ്ങയും പ്രവർത്തകർക്ക് ആയുധമായി. ഇതിനിടെ പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. പ്രവർത്തകർക്കു നേരെ പ്രയോഗിച്ച 3 ഷെല്ലുകൾ ഉന്നംതെറ്റി പ്രധാന റോഡിനപ്പുറത്തെ വ്യാപാര ശാലയിലെ ചില്ലിലും റോഡിൽ വാഹനങ്ങളുമായി നിന്നവർക്കു സമീപത്തും പതിച്ചു.
നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്നു പ്രവർത്തകർ പ്രധാന റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. സംഘർഷത്തിലും കണ്ണീർ വാതക ഷെൽ, ജലപീരങ്കി പ്രയോഗങ്ങളിലുമായി 6 പ്രവർത്തകർക്കു പരുക്കേറ്റു.