കൊടുവള്ളിയെച്ചൊല്ലി സഭയിൽ വാക്പോര്
Mail This Article
തിരുവനന്തപുരം ∙ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ, ലീഗ് അംഗം എം.കെ.മുനീറിനെയും അദ്ദേഹത്തിന്റെ മണ്ഡലമായ കൊടുവള്ളിയെയും കുറിച്ചു സിപിഎം അംഗം വി.ജോയി നടത്തിയ പരാമർശത്തിന്റെ പേരിൽ നിയമസഭയിൽ ഭരണ, പ്രതിപക്ഷ തർക്കം.
വിദേശത്തു തൊഴിലും താമസവും വാഗ്ദാനം ചെയ്തു മുനീർ നടത്തുന്ന അമാന എംബ്രേയ്സ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്തുകേസ് പ്രതിയായ റഫീഖ് അമാന, കൊഫെപോസ കേസിൽ തടവിലായിരുന്ന അബുലൈസ് എന്നിവർ അടക്കമുള്ള ആളുകളുണ്ടെന്നാണു ജോയിയുടെ ആരോപണം.
എന്നാൽ, മലപ്പുറത്തിനെതിരായ ആരോപണം പോലെ കൊടുവള്ളിയെയും ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്താനാണു ജോയി ശ്രമിച്ചതെന്ന് എം.കെ.മുനീർ ആരോപിച്ചു.
കൊടുവള്ളിയിൽ കള്ളക്കടത്തുകാരാണെന്ന രീതിയിലാണു ജോയി സംസാരിച്ചത്. അബുലൈസിനെതിരായുള്ളത് കള്ളക്കേസാണ്. ഒരു ക്രിമിനൽ കേസിലും അദ്ദേഹം പ്രതിയല്ലെന്നു കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആ പേരെടുത്തു പറഞ്ഞു കുറ്റവാളിയാണെന്ന് ആരോപിക്കുന്നത് ദുരുദ്ദേശ്യപരമാണ്– മുനീർ പറഞ്ഞു.
ഒരു പ്രതിയുടെ പേരു പറഞ്ഞതിനെ പ്രത്യേക മതവുമായി ബന്ധപ്പെടുത്തി വർഗീയ ധ്രുവീകരണത്തിനാണ് മുനീർ ശ്രമിക്കുന്നതെന്നു മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. ഹിന്ദുക്കളും മുസ്‌ലിംകളും ഒത്തൊരുമിച്ചു കഴിയുന്ന കൊടുവള്ളിയിൽ മതധ്രുവീകരണം സൃഷ്ടിക്കരുതെന്നു മുനീർ പറഞ്ഞു. ജോയി അങ്ങനെ പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയ സ്പീക്കർ ക്രമവിരുദ്ധമായ ഒന്നും സഭാരേഖകളിലുണ്ടാകില്ലെന്നും അറിയിച്ചു.
∙ ‘ഞാൻ കള്ളക്കടത്തു നടത്തുന്നവനല്ല, നേരേ നടത്തുന്നവനാണ്’ എന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. ‘എനിക്കെതിരെ എന്തും പറയാമെന്നു കരുതരുത്. ഞാൻ ബിസ്കറ്റ് കടത്തിയിട്ടുണ്ട്. അതു കഴിച്ചിട്ടുമുണ്ട്. അതു മാരി ബിസ്കറ്റാണ്. പാവപ്പെട്ട കുറെപ്പേർക്കു ജോലി നൽകാനായി നടത്തുന്ന സ്ഥാപനത്തെപ്പറ്റി ആരോപണം ഉന്നയിക്കരുത്. സഖാക്കൾക്ക് അടക്കം ജോലി ലഭ്യമാക്കുന്ന സ്ഥാപനമാണത്.’ – എം.കെ.മുനീർ