എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയെ വിമർശിച്ച് ഇ.ചന്ദ്രശേഖരൻ
Mail This Article
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകളെ സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ വിമർശിച്ചു. അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ച അദ്ദേഹം അജിത്തിന്റെ കൂടിക്കാഴ്ചകൾ ഗൗരവമേറിയ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്റെ വാക്കുകളെ പ്രതിപക്ഷം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൂടിക്കാഴ്ചകളെ ന്യായീകരിക്കാൻ ആരും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ മുഖ്യമന്ത്രിയെ ആർഎസ്എസുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും പ്രദേശത്തെയോ സമുദായത്തെയോ അവഹേളിക്കാൻ സർക്കാരോ മുഖ്യമന്ത്രിയോ ശ്രമിച്ചിട്ടില്ല. വിമാനമിറങ്ങുന്ന കള്ളക്കടത്തുകാരെല്ലാം മലപ്പുറംകാരാണെന്ന് പറയാനാവില്ല. എന്നാൽ, കടത്തുന്ന പണം രാജ്യദ്രോഹത്തിനടക്കം ഉപയോഗിക്കുന്നുവെന്നു പറഞ്ഞാൽ ആർക്കെങ്കിലും നിഷേധിക്കാനാകുമോ? അതു ചൂണ്ടിക്കാട്ടിയാൽ ഒരു മതവിഭാഗത്തെ സർക്കാർ അധിക്ഷേപിച്ചുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് അപകടകരമാണ് – ചന്ദ്രശേഖരൻ പറഞ്ഞു.