പ്രതിപക്ഷം ഒളിച്ചോടിയെന്ന് മന്ത്രിമാർ
Mail This Article
തിരുവനന്തപുരം ∙ അടിയന്തരപ്രമേയ ചർച്ചയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടും സഭ സ്തംഭിപ്പിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത് ചർച്ചയിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയാണെന്നു മന്ത്രി പി.രാജീവ്. ചർച്ച തിരിച്ചടിയാകുമോയെന്ന ആശങ്കയായിരുന്നു പ്രതിപക്ഷത്തിന്. ചർച്ച ചെയ്താൽ പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെടുമായിരുന്നുവെന്നും സഭാനടപടികൾ അലങ്കോലപ്പെടുത്തിയത് അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം കെട്ടിപ്പൊക്കിയ നുണക്കൊട്ടാരങ്ങൾ സഭാതലത്തിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നുണകൾ കൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം ഭീരുക്കളെപ്പോലെ സഭയിൽ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് കണ്ടത്. അടിയന്തര പ്രമേയം ചർച്ചയ്ക്കെടുക്കാൻ തയാറാകില്ല എന്നാണ് പ്രതിപക്ഷം കരുതിയതെന്നു രാജേഷ് പറഞ്ഞു.
ആസൂത്രിതമായ അജൻഡ നടപ്പാക്കാൻ പറ്റാത്തതിന്റെ പ്രതിഷേധമാണ് പ്രതിപക്ഷം നടപ്പാക്കിയതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പ്രകോപനങ്ങൾ ഒന്നുമില്ലാതെയാണു പ്രതിപക്ഷം ബഹളംവച്ചത്. അപക്വമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത് എന്ന് പറഞ്ഞതാണു പ്രശ്നമെങ്കിൽ അത് സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യാൻ ആവശ്യപ്പെടാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പിരിഞ്ഞതിനു പിന്നാലെ 3 മന്ത്രിമാരും ഒരുമിച്ചു വാർത്താസമ്മേളനം വിളിച്ചാണു പ്രതികരിച്ചത്.