സംഘടനയ്ക്ക് ഏകോപന സംവിധാനമുണ്ടാക്കാൻ അൻവറിന്റെ നീക്കം
Mail This Article
മലപ്പുറം ∙ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയ്ക്കു (ഡിഎംകെ) സംസ്ഥാനമൊട്ടാകെ ഏകോപന സംവിധാനമുണ്ടാക്കാൻ പി.വി.അൻവർ എംഎൽഎ. സഹകരിക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ പുറത്തുവിട്ടു. തമിഴ്നാട്ടിലെ ഡിഎംകെയുമായി സഹകരണത്തിന്റെ സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന സൂചനയും നൽകി.
സമയമാകുമ്പോൾ ഡിഎംകെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് അൻവർ പറഞ്ഞു. 3 മാസത്തിനകം താഴെത്തട്ടിൽ സംഘടനാ സംവിധാനം ലക്ഷ്യമിടുന്നു. വന്യജീവി ശല്യം രൂക്ഷമായ 60 നിയമസഭാ മണ്ഡലങ്ങൾ വഴിയുള്ള വാഹനപ്രചാരണ യാത്ര അടുത്ത മാസമാദ്യം തുടങ്ങും. അതിനു മുൻപേ എല്ലാ ജില്ലകളിലും പൊതുസമ്മേളനം നടത്തും.
മുഖ്യമന്ത്രിയുടെ പ്രവർത്തനം ബിജെപിയെ അധികാരത്തിൽ
മലപ്പുറം ∙ 2031 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ വരികയെന്ന ബിജെപിയുടെ പദ്ധതി നടപ്പാക്കിക്കൊടുക്കാനുള്ള പ്രവർത്തനമാണു മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് പി.വി.അൻവർ എംഎൽഎ ആരോപിച്ചു. മലപ്പുറത്തിനും മുസ്‌ലിം സമുദായത്തിനുമെതിരായ പ്രസ്താവനകൾ ഇതിന്റെ ഭാഗമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മൂവായിരത്തിൽ താഴെ വോട്ടുകൾക്കാണു കഴിഞ്ഞതവണ ബിജെപി തോറ്റത്. ഒരു ബൂത്തിൽ സിപിഎം 10 വോട്ടു മറിച്ചാൽ ബിജെപിയെ ജയിപ്പിക്കുകയെന്ന പദ്ധതി നടപ്പാക്കാനാകുമെന്ന് അൻവർ ആരോപിച്ചു.
എഡിജിപിയെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയതു കണ്ണിൽ പൊടിയിടലാണ്. അജിത്കുമാർ തൊപ്പി ഊരിയിട്ടേയുള്ളൂ, അതു താഴെവയ്പ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നു തടഞ്ഞുനിർത്തുന്ന പോയിന്റ് എഡിജിപി അജിത്കുമാറാണ്. അജിത്കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ശുപാർശയോടെയാണു ഡിജിപി അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകിയത്. ഇതു തിരുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അദ്ദേഹത്തിനുമേൽ കടുത്ത സമ്മർദമുണ്ടായതായും അൻവർ പറഞ്ഞു.
ജലീലിനു ‘മധുരം’ കിട്ടി; തനിക്കും തരാൻ ശ്രമിച്ചെന്ന് അൻവർ
മലപ്പുറം ∙ കെ.ടി.ജലീലിനു ചെറിയ മധുരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനൊക്കെ അത്രയും മധുരം മതിയെന്നും പി.വി.അൻവർ എംഎൽഎ. ‘എനിക്കും മധുരം നൽകാൻ ശ്രമിച്ചിരുന്നു. ജലീലിനു രാജ്യസഭാ സീറ്റ് ലഭിക്കുമോയെന്നു കാണാം. അങ്ങനെ ലഭിച്ചാൽ രാജ്യസഭയിലേക്കു മത്സരമില്ലല്ലോയെന്നായിരിക്കും ജലീൽ പറയുക’ – അൻവര് പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു ജലീൽ പറഞ്ഞല്ലോയെന്നു ചോദിച്ചപ്പോൾ അദ്ദേഹം എന്തൊക്കെ മാറ്റിപ്പറഞ്ഞിട്ടുണ്ടെന്നു പരിശോധിച്ചാൽ മതിയെന്നായിരുന്നു മറുപടി.
കെ.ടി.ജലീലിനെതിരെ പൊലീസിൽ പരാതി
മലപ്പുറം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ കെ.ടി.ജലീൽ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. മതസ്പർധയുണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലീലിന്റെ പ്രസ്താവനയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ.റസാഖ് ആണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.
കോഴിക്കോട് വിമാനത്താവളം വഴി സ്വർണക്കടത്തിനു പിടിയിലാകുന്നവരിൽ മഹാഭൂരിപക്ഷം മുസ്‌ലിംകളാണെന്നും സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്നുമായിരുന്നു ജലീലിന്റെ പരാമർശം. മുസ്‌ലിം ലീഗുമായി ബന്ധമുള്ള മതപണ്ഡിതൻ ഹജ് യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തിനു പിടിയിലായെന്ന ആരോപണവും ജലീൽ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു പരാതി.