നെട്ടയം രാമഭദ്രൻ വധക്കേസ്: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം ലോക്കൽ കമ്മിറ്റിയിൽ
Mail This Article
അഞ്ചൽ ∙ കോൺഗ്രസ് ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി നേതാവുമായിരുന്ന നെട്ടയം രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കേസിലെ മൂന്നാം പ്രതി പത്തടി സ്വദേശി ടി.അഫ്‌സലിനെയാണ് ഏരൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. നേരത്തേ അഫ്സൽ ഏരൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. ലോക്കൽ കമ്മിറ്റി അംഗമായിരിക്കെയാണ് ശിക്ഷിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലാണു ഏരൂർ ലോക്കൽ കമ്മിറ്റി വിഭജിച്ച് 12 അംഗ ഏരൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി രൂപീകരിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, പാർട്ടിയുടെ ഘടകങ്ങളിൽ അംഗങ്ങളായിരിക്കുന്നവർ ശിക്ഷിക്കപ്പെട്ടു ജയിലിലായാലും അവരെ അതേ ഘടകത്തിൽ നിലനിർത്തുന്ന പതിവുണ്ടെന്നാണു പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. രാമഭദ്രൻ കേസിൽ പ്രതികൾ അപ്പീൽ നൽകിയിട്ടുണ്ട്.