കരുതൽ കാട്ടി മുഖ്യമന്ത്രി; അജിത്തിനെ മാറ്റിയത് സർവീസിനു ദോഷം വരാതെ
Mail This Article
തിരുവനന്തപുരം ∙ ശിക്ഷാനടപടിയുടെ ഭാഗമായി ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കിയെങ്കിലും എഡിജിപി എം.ആർ.അജിത്കുമാറിന്റെ സർവീസിനു ദോഷം വരാതിരിക്കാനുള്ള കരുതൽ മുഖ്യമന്ത്രി കാട്ടി. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയെന്ന് ഒരിടത്തും രേഖപ്പെടുത്താതെ, സാധാരണ സ്ഥലംമാറ്റം എന്ന നിലയിലാണ് അജിത്തിനെ പൊലീസ് ബറ്റാലിയന്റെ ചുമതല നൽകി ഉത്തരവിറക്കിയത്. അജിത്തിന്റെ സർവീസ് രേഖയിലും അതു ചേർത്തിട്ടില്ല.
അജിത്തിനൊപ്പം ആരോപണം നേരിട്ട പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി കൂടിയാലോചന നടത്തിയ ശേഷമാണു നടപടി എങ്ങനെ വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുത്തത്. ഞായറാഴ്ച രാവിലെ ശശി അടക്കമുള്ള പഴ്സനൽ സ്റ്റാഫംഗങ്ങളുമായി ക്ലിഫ് ഹൗസിൽ അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഡിജിപിയെ മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു.
പൊലീസിൽ നടത്തുന്ന ഇടപെടലുകളുടെ പേരിൽ ആരോപണം നേരിടുന്ന ശശിയുമായി ചർച്ച ചെയ്താണു മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന രീതിയിൽ വാർത്ത പ്രചരിച്ചു. ഇതോടെയാണ് അതു നിഷേധിച്ചും പതിവുള്ള കൂടിക്കാഴ്ച മാത്രമെന്നു കാട്ടിയും മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്തക്കുറിപ്പിറക്കിയത്.