ജലീലിന്റെ വിവാദ പരാമർശം; പ്രാഥമികാന്വേഷണം നടത്തും
Mail This Article
മലപ്പുറം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി.ജലീൽ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രാഥമികാന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. മലപ്പുറം ഡിവൈഎസ്പി ടി.എസ്.സിനോജിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ജലീലിനെതിരെ കലാപാഹ്വാനമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് നേതാവ് യു.എ.റസാഖ് എസ്പിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണത്തിനു നിർദേശം. പരാതിയിൽ ജലീലിനെതിരെ കേസെടുക്കണോയെന്നു തീരുമാനിക്കുക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
-
Also Read
മന്ത്രി ശിവൻകുട്ടിയെ പുകഴ്ത്തി സതീശൻ
സ്വർണക്കടത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫത്‌വ (മതവിധി) പുറപ്പെടുവിക്കണമെന്നും കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ ഭൂരിഭാഗം മുസ്‌ലിംകളാണെന്നുമായിരുന്നു ജലീലിന്റെ പരാമർശം. ലീഗുമായി അടുപ്പമുള്ള പണ്ഡിതൻ സ്വർണക്കടത്തിനു പിടിയിലായിട്ടുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു.
മതസ്പർധയുണ്ടാക്കി നാടിനെ കലാപഭൂമിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണു പരാമർശമെന്നാണു യൂത്ത് ലീഗിൽ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കലാപാഹ്വാനത്തിനും വ്യാജപ്രചാരണം നടത്തിയതിനും എംഎൽഎക്കെതിരെ കേസ് വേണമെന്നാണ് ആവശ്യം.