ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ശുദ്ധജലം: പദ്ധതി തുടരാൻ 124 കോടി ഉടൻ വേണമെന്ന് മന്ത്രി റോഷി
Mail This Article
തിരുവനന്തപുരം∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു സൗജന്യ ശുദ്ധജലം നൽകുന്ന പദ്ധതി തുടരാൻ ജല അതോറിറ്റിക്ക് സർക്കാർ ഉടൻ 123.88 കോടി രൂപ അധിക നോൺ പ്ലാൻ ഗ്രാന്റ് അനുവദിക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിമാസം 15,000 ലീറ്ററിനു താഴെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്കു ജലം സൗജന്യമാണ്.
2023ലെ നിരക്കു വർധനയ്ക്കു ശേഷം ബിപിഎൽ സബ്സിഡി പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങളുടെ എണ്ണത്തിലും സബ്സിഡി തുകയിലും വർധനയുണ്ടായി. ഈ സാമ്പത്തികവർഷം ഇളവിനായി 10 ലക്ഷം കുടുംബങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിനു പ്രതിമാസം 10 മുതൽ 12 കോടി രൂപ വരെ കണ്ടെത്തേണ്ടിവരും. ജലജീവൻ മിഷൻ പ്രകാരം 4,64,629 ബിപിഎൽ കുടുംബങ്ങൾക്കു വാട്ടർ കണക്‌ഷൻ നൽകി .
ജല ശുദ്ധീകരണ ശാലകളും സംഭരണികളും സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ വിനോദ സഞ്ചാരം വഴി ജല അതോറിറ്റി വരുമാനം കൂട്ടുമെന്നു പി.പി.ചിത്തരഞ്ജനു മന്ത്രി നിയമസഭയിൽ മറുപടി നൽകി. വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരങ്ങൾ പുതുക്കി പണിയുകയും പുതിയവ നിർമിക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ കഴിയും.
തിരുവനന്തപുരത്തു മ്യൂസിയം ജംക്‌ഷനിൽ ക്യാപ്റ്റൻ ലക്ഷ്മി പാർക്കിനു സമീപം കേരള സ്റ്റാർട്ടപ് മിഷന്റെ സഹായത്തോടെ ഇൻഫോടെയിൻമെന്റ് പാർക്ക് സ്ഥാപിക്കും.
തിരുവനന്തപുരം വെള്ളയമ്പലത്തു ജല അതോറിറ്റിയുടെ 90 വർഷം പഴക്കമുള്ള ആസ്ഥാന മന്ദിരത്തിൽ ആറു ഗാലറികളിലായി വാട്ടർ മ്യൂസിയം സ്ഥാപിക്കുന്ന നടപടി തുടങ്ങി. അതോറിറ്റിയുടെ പരിശീലന കേന്ദ്രങ്ങളിൽ പ്ലമിങ്, ജലശുദ്ധീകരണം തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, ശേഷി വികസന പരിശീലനം തുടങ്ങിയവ നടപ്പിലാക്കും.