കോടിമതയിലെ മാലിന്യം; ഒരു പീലിങ് യന്ത്രം കൂടി
Mail This Article
കോട്ടയം ∙ കോടിമതയിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള അജൈവമാലിന്യം വേഗത്തിൽ നീക്കം ചെയ്യാൻ നഗരസഭ ശ്രമം തുടങ്ങി. അജൈവമാലിന്യം കെട്ടുകളാക്കി നീക്കം ചെയ്യാൻ രണ്ടാമതൊരു പീലിങ് യന്ത്രം കൂടി സ്ഥാപിക്കും. ഇതിനുള്ള വൈദ്യുതി കണക്‌ഷനായി അപേക്ഷ നൽകി.
കോടിമതയിലെ മുഖ്യ എംസിഎഫിൽ (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) അജൈവമാലിന്യം കെട്ടിക്കിടക്കുന്നതിനെപ്പറ്റി ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ കലക്ടർ ജോൺ വി.സാമുവൽ എംസിഎഫ് സന്ദർശിച്ചിരുന്നു. വാർഡുകളിൽ നിന്നു വേർതിരിക്കാതെയാണു ഹരിതകർമസേന അജൈവമാലിന്യം കോടിമതയിൽ എത്തിക്കുന്നത്.
പുനരുപയോഗിക്കാവുന്നതും അല്ലാത്തവയുമായി തരംതിരിച്ചു കെട്ടുകളാക്കിയാണു മാലിന്യം നീക്കം ചെയ്യുന്നതെന്നു കരാറെടുത്ത കമ്പനി അധികൃതർ പറഞ്ഞു. 30 ടൺ തരംതിരിച്ച മാലിന്യം ഇന്നു മാറ്റുമെന്നും അറിയിച്ചു. നിലവിൽ ഒരു പീലിങ് യന്ത്രം മാത്രമാണുള്ളത്. 10 എച്ച്പി ശേഷിയുള്ള മോട്ടർ ഉപയോഗിച്ചാണു യന്ത്രം പ്രവർത്തിപ്പിക്കുന്നത്.