ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ‘ദേശവിരുദ്ധ’ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. മുൻപു സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ടിരുന്നില്ലേയെന്നും ചോദിച്ചു. ഈ വിഷയത്തിൽ രാഷ്ട്രപതിക്കു നൽകാനുള്ള റിപ്പോർട്ടിന്റെ കരടും രാജ്ഭവൻ തയാറാക്കി.

ഇനി സംവാദത്തിനില്ലെന്ന് ഒടുവിൽ അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ‘ദേശവിരുദ്ധ’ പരാമർശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാനില്ലെന്നു നിശ്ചയിച്ചാണു ഗവർണറുടെ നീക്കങ്ങൾ. രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നും ഗവർണർ കടുത്ത നിലപാടെടുത്തു.

മുഖ്യമന്ത്രി അയച്ച കത്ത് പരസ്പരവിരുദ്ധമാണെന്ന്, മാധ്യമപ്രവർത്തകർക്കു മുൻപിൽ അതു വായിച്ചുകൊണ്ടു ഗവർണർ പറഞ്ഞു. സ്വർണക്കടത്തും ഹവാലയും ഉപയോഗിച്ചുള്ള പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി താൻ പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിൽ ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നില്ലെന്നുമാണു മുഖ്യമന്ത്രി കത്തിൽ അവകാശപ്പെടുന്നത്. എന്നാൽ ഇതേ കത്തിൽ രണ്ടാം പേജിൽ പറയുന്നത്, സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടമുണ്ടാക്കുന്നുവെന്നും നികുതി നഷ്ടപ്പെടുത്തുന്നുവെന്നുമാണ്. ഈ പ്രവർത്തനം രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും സൂചിപ്പിക്കുന്നു. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമെന്നു പറഞ്ഞാൽ രാജ്യവിരുദ്ധ പ്രവർത്തനമെന്നല്ലേ അർഥമെന്നു ഗവർണർ ചോദിച്ചു. എഴുതിയത് എന്താണെന്നു മുഖ്യമന്ത്രിക്കു മനസ്സിലായോ എന്നു സംശയമുണ്ട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കേണ്ടതു തന്റെ ചുമതലയാണ്. ഈ വിവരത്തിന്റെ ഉറവിടം മുഖ്യമന്ത്രിയായതിനാൽ അദ്ദേഹത്തോടു തിരക്കുകയും വേണം. എന്നാൽ, തന്റെ കത്തുകളോട് അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. അതുകൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും വന്നു വിശദീകരിക്കാൻ നിർദേശിച്ചത്. മുഖ്യമന്ത്രി ചുമതലപ്പെടുത്താതെ തന്നെ എത്രയോ കാര്യങ്ങൾക്ക് അവർ രാജ്ഭവനിൽ വരാറുണ്ട്. നിയമസഭ വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കെ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായി ഈയിടെ 2 വകുപ്പു സെക്രട്ടറിമാരെയും കൂട്ടി ചീഫ് സെക്രട്ടറി വന്നു. വിയോജിപ്പുണ്ടായിട്ടും അംഗീകരിച്ചു– ഗവർണർ അഭിപ്രായപ്പെട്ടു.

കെയർടേക്കർ ഗവർണറാണ്; ഭയപ്പെടുത്തൽ വേണ്ട: ഗോവിന്ദൻ

തിരുവനന്തപുരം ∙ ഗവർണറുടെ ഭയപ്പെടുത്തലൊന്നും വേണ്ടെന്നും അദ്ദേഹത്തിന്റെ വീമ്പിളക്കലിന് ഒരു അർഥവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘കാണിച്ചുതരാമെന്നാണ് ഗവർണർ പറയുന്നത്. കാണിക്കാതിരിക്കുന്നതാണു നല്ലത്. വയസ്സായല്ലോ ? കാലാവധി കഴിഞ്ഞ് അടുത്ത ഗവർണറെ നിയമിക്കുന്നതുവരെ തുടരുന്ന കെയർടേക്കർ ഗവർണർ മാത്രമാണ് അദ്ദേഹം.

ആ സ്ഥാനത്തിരുന്നാണ് കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്ത് എന്തോ നടത്തുമെന്നൊക്കെ ഗർജിക്കുന്നത്. ഉദ്യോഗസ്ഥരെ തെറ്റായ രീതിയിൽ വിളിച്ചുവരുത്തുകയും വന്നില്ലെങ്കിൽ കാട്ടിത്തരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഗവർണർ ഇനി രാജ്ഭവനിലേക്ക് അവർ വരേണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. അതു ക്ഷേത്രമോ പള്ളിയോ ആണോ? ഊരുവിലക്ക് കൽപിച്ചാൽ ഉദ്യോഗസ്ഥർക്ക് എന്താണു പ്രശ്നം ?

മുഖ്യമന്ത്രിക്കെതിരെയടക്കം അദ്ദേഹം തെറ്റായ പ്രചാരണം നടത്തുകയാണ്. മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകിയിട്ടും പ്രചാരണം തുടരുന്നു. മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നത് ഭരണഘടനാവിരുദ്ധമായ പ്രഖ്യാപനമാണ്. സ്വർണക്കടത്ത് തടയേണ്ടതു സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്’’– ഗോവിന്ദൻ പറഞ്ഞു. 

English Summary:

Governor Warns Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com