ADVERTISEMENT

കൊച്ചി ∙ വയനാടിനെ എത്രയും വേഗം പൂർവസ്ഥിതിയിലാക്കാൻ ക്രിയാത്മക നടപടികളെടുക്കാൻ കേന്ദ്രസർക്കാരിനു ഹൈക്കോടതി നിർദേശം നൽകി. കേന്ദ്രസഹായം, ബാങ്ക് വായ്പ എഴുതി തള്ളൽ തുടങ്ങിയവ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനമായിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചതിനെതുടർന്നാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. കേന്ദ്രത്തിന്റെ സഹായം സംബന്ധിച്ച വിവരങ്ങൾ ഹർജി വീണ്ടും പരിഗണിക്കുന്ന 18ന് അറിയിക്കണം.

ദേശീയ ദുരിതാശ്വാസ നിധി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽനിന്നുള്ള തുക നൽകുന്നത് സംബന്ധിച്ച് 18ന് മറുപടി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തെറ്റായ വാർത്തകൾ വന്നതിനാൽ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു സർക്കാരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു.

മാധ്യമങ്ങളുടെ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിൻമേൽ ന്യായമായ നിയന്ത്രണമേ ഏർപ്പെടുത്താനാവൂവെന്നും മാധ്യമങ്ങളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. വിമർശനം കാര്യമാക്കാതെ, ഏറ്റെടുത്ത ദൗത്യവുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥരോടു കോടതി നിർദേശിച്ചു.

English Summary:

High Court directs Central government to take constructive decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com