നാമമാത്ര കർഷക പെൻഷനിൽ 6201 പേരെക്കൂടി ഉൾപ്പെടുത്തും
Mail This Article
തിരുവനന്തപുരം ∙ ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ 6201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റേതെങ്കിലും പെൻഷൻ വാങ്ങുന്നവർക്ക് അർഹത ഉണ്ടാവില്ല. അനെർട്ടിലെ 28 അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന 96 റഗുലർ ജീവനക്കാർക്ക് കൂടി 11–ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കും. മാനേജിങ് ഡയറക്ടർ തസ്തിക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നു മാറ്റും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൽ പരിഭാഷ സെൽ രൂപീകരിക്കും.
കേരള ഇൻഡസ്ട്രിയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് (ഭേദഗതി) ബിൽ 2024ന്റെ കരട് അംഗീകരിച്ചു. കേരളത്തിലെ പട്ടിക വർഗ ലിസ്റ്റിൽ കളനാടി സമുദായത്തെ ഉൾപ്പെടുത്താനുള്ള നിർദേശം കേന്ദ്ര സർക്കാരിനു കൈമാറി.
കണ്ണൂരിലെ പിണറായി പൊലീസ് സ്റ്റേഷനിൽ ഒരു ഇൻസ്പെക്ടർ, 5 സിവിൽ പൊലീസ് ഓഫിസർ എന്നീ തസ്തികകൾ കൂടി സൃഷ്ടിക്കും. കേരള റബർ ലിമിറ്റഡിന്റെ ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായ ഷീല തോമസിന്റെ സേവന കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി. കെഎസ്ഐടിഎൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിലും കെഫോൺ എംഡി, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികയിൽ അധികമായും ചുമതല വഹിക്കുന്ന ഡോ. സന്തോഷ് ബാബുവിന് ഒരു വർഷത്തേക്ക് കരാർ നിയമനം ദീർഘിപ്പിച്ചു നൽകും.
ബെമ്‌ൽ ലിമിറ്റഡിന്റെ നോൺ കോർ സർപ്ലസ് അസറ്റ്, ബിഇഎംഎൽ ലാൻഡ് അസറ്റ് ലിമിറ്റഡിന്റെ പേരിലേക്കു മാറ്റി റജിസ്റ്റർ ചെയ്യുന്നതിന് റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഇളവ് നൽകും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതു പോലെ പരമാവധി 30,000 രൂപ എന്നതിന് വിധേയമായി 2% റജിസ്ട്രേഷൻ ഫീസായി നിശ്ചയിക്കും.