ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ ദുരൂഹമരണത്തിൽ നടപടി നേരിട്ട കോളജ് മുൻ ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന ഡോ.ആർ.കാന്തനാഥൻ എന്നിവർക്കു നിയമസഹായത്തിനായി സിപിഎം അനുകൂല അധ്യാപക സംഘടനയുടെ പണപ്പിരിവ്.

വെറ്ററിനറി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള (ടിഒവിയുകെ)യുടെ നേതൃത്വത്തിലാണു പിരിവ്. അധ്യാപകർ 2000 രൂപ വീതം നൽകണമെന്നാണു തീരുമാനം. എന്നാൽ, കോളജ് ക്യാംപസിൽ അതിക്രൂര റാഗിങ്ങിന് ഇരയായി ദുരൂഹസാഹചര്യത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടേണ്ടി വന്നവർക്കായി പണപ്പിരിവ് നടത്തുന്നതിനെതിരെ സംഘടനയിലെ അംഗങ്ങൾ  രംഗത്തുവന്നിട്ടുണ്ട്. 

സിദ്ധാർഥൻ കേസിലെ പ്രതികൾക്കു പരീക്ഷയെഴുതാൻ സർവകലാശാലയിലെ ചില അധ്യാപകർ ഉൾപ്പെടെ നടത്തിയ വഴിവിട്ട ഇടപെടലുകൾ നേരത്തെ മലയാള മനോരമ പുറത്തുകൊണ്ടു വന്നിരുന്നു. പിന്നാലെയാണു കേസിൽ നടപടി നേരിട്ട അധ്യാപകർക്കു നിയമസഹായ ഫണ്ട് സ്വരൂപിക്കാനുള്ള സംഘടനയുടെ തീരുമാനവും വിവാദമാകുന്നത്.

കഴിഞ്ഞ മാസം സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗത്തിൽ ഇടത് അംഗങ്ങളുടെ സമ്മർദഫലമായാണ്, സസ്പെൻഷൻ കാലാവധി കഴിഞ്ഞ നാരായണനെയും കാന്തനാഥനെയും  തിരിച്ചെടുക്കാൻ തീരുമാനമെടുത്തതും. പിന്നീട്, ഗവർണറാണു തീരുമാനം നടപ്പാക്കുന്നതു തടഞ്ഞത്. സംഘടനയുടെ ആഭ്യന്തര തീരുമാനമായതിനാൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നു ടിഒവിയുകെ ജനറൽ സെക്രട്ടറി ഡോ.കെ.എസ്.അജിത് പറ‍ഞ്ഞു.

English Summary:

Sidharthan's death: Money collection for legal aid for those who faced action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com