ലഹരിക്കേസ്: ഓംപ്രകാശിനെ സന്ദർശിച്ചവരിൽ സിനിമാ ബന്ധമുള്ള കൂടുതൽ പേർ
Mail This Article
കൊച്ചി∙ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും ഉൾപ്പെട്ട ലഹരിമരുന്നു കേസിൽ ശ്രീനാഥ് ഭാസിയുടെ മൊഴികൾ പലതും പരസ്പര വിരുദ്ധം.
കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴികൾ നിർണായകമാകും. ചോദ്യം ചെയ്യലിൽ പ്രയാഗ അന്വേഷണ സംഘത്തോടു സഹകരിച്ചു. നടൻ ശ്രീനാഥ് ഭാസിക്കും ലഹരിറാക്കറ്റിന്റെ കൊച്ചിയിലെ പ്രധാന ഇടനിലക്കാരൻ ബിനു ജോസിനും ഒപ്പമാണു ലഹരി പാർട്ടി നടന്ന ദിവസം പ്രയാഗ കുണ്ടന്നൂരിലെ ഹോട്ടൽ മുറിയിൽ എത്തിയത്. ഓംപ്രകാശിനെക്കുറിച്ചും ലഹരി പാർട്ടിയെക്കുറിച്ചും അറിയാതെയാണു ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ഹോട്ടലിൽ എത്തിയതെന്നാണു പ്രയാഗയുടെ മൊഴി. ഇതേദിവസം ഹോട്ടലിൽ ഓംപ്രകാശിനെയും ഷിഹാസിനെയും സന്ദർശിച്ച 20 പേരിൽ 12 പേരുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇക്കൂട്ടത്തിൽ സിനിമാ ബന്ധമുള്ള കൂടുതൽ പേരുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം.
മൊഴി നൽകിയ പ്രയാഗ അടക്കം പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പൊലീസിനു നൽകിയത്. ഇരുവരും രക്ത പരിശോധനയ്ക്കു തയാറായിരുന്നെങ്കിലും പൊലീസ് ഒഴിവാക്കി.
കൊച്ചിയിൽ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. വൻകിട ലഹരിക്കച്ചവടങ്ങൾക്കും പാർട്ടികൾക്കും വേണ്ടി മാത്രമാണ് ഓംപ്രകാശും ഷിഹാസും നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ മുറിയെടുക്കാറുള്ളത്. ഇവർക്കു സ്വാധീനമുള്ള ആഡംബര ഫ്ലാറ്റുകളിലാണ് സാധാരണ ദിവസങ്ങളിൽ ലഹരിപാർട്ടി സംഘടിപ്പിക്കുന്നത്. ലഹരിപാർട്ടികളിൽ നിന്നു ലഭിക്കുന്ന തുകയുടെ 10 മുതൽ 20 ശതമാനം വരെ പാർപ്പിട സമുച്ചയ അസോസിയേഷൻ ഭാരവാഹികൾക്കു ‘കപ്പം’ നൽകിയാണ് ഇവർ നിശാപാർട്ടികൾക്കു വേദി ഒരുക്കുന്നത്. ഇതിൽ രണ്ടിടങ്ങളിൽ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്ലാറ്റുകളുണ്ട്. മുംബൈയിൽ നിന്നുള്ള ബാർ ഡാൻസർമാരെയും ഇത്തരം പാർട്ടികൾക്കു വേണ്ടി ഷിഹാസ് കൊച്ചിയിലെത്തിക്കാറുണ്ട്. പാർട്ടികൾക്കു ‘സംരക്ഷണം’ ഒരുക്കലാണു ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളുടെ പണി.